ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാളത്തില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന അഭിനേതാവാണ് നിവിന്‍ പോളി.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിന്‍ പിന്നീട് ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമാകുകയും മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്ക് തന്റെ സ്റ്റാര്‍ഡം വ്യാപിപ്പിക്കുകയുമായിരുന്നു.

റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു. താരത്തിന്റെ ശരീര ഭാരത്തെ അടക്കം ട്രോളിക്കൊണ്ട് ഇക്കാലയളവില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ സര്‍വ്വം മായ വെറുമൊരു സാമ്പിള്‍ വെടിക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി 150 കോടിയും ആഗോളതലത്തില്‍ 325 കോടിയിലധികവും നേടിയാണ് ചിത്രം മുന്നേറുന്നത്.

താരത്തിന്റേതായി തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന് പുറമെ സൂരിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ അന്തരിച്ച തന്റെ പിതാവിനെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സര്‍വ്വം മായ. Photo: X.com

 

നമുക്കൊരു വിജയം വന്നാലോ സന്തോഷം തോന്നിയാലോ എല്ലാം അച്ഛനെ കുറിച്ച് താന്‍ ആലോചിക്കാറുണ്ടെന്ന് പറയുകയാണ് നിവിന്‍ പോളി. ഇത് വിളിച്ച് പറയാന്‍ ആളില്ലല്ലോ എന്ന സങ്കടം എപ്പോഴുമുണ്ടെന്നും താരം പറയുന്നു. രക്ഷിതാക്കളുടെ കൂടെ മാക്‌സിമം സമയം ചെലവഴിക്കണമെന്ന് തന്റെ സുഹൃത്തുക്കളുടെ അടുത്ത് താന്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Nivin Pauly talks about his late father