മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിന് ഞായറാഴ്ച്ച യു.എ.ഇയിലെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. മത്സരത്തിന് മുന്നേ തന്നെ ഇന്ത്യ-പാക് ടീമുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഏഷ്യാ കപ്പിന്റെ ഭാഗമായുള്ള പരിശീലനത്തിന്റെ ഫോട്ടോകളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാഷ്ട്രീയപരമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടങ്കിലും സ്പോര്‍ട്സില്‍ അത് ബാധിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

ഏഷ്യാ കപ്പ് നിലനിര്‍ത്താന്‍ ഇന്ത്യയും, ഒരിക്കല്‍ കൈവിട്ട കിരീടം തിരികെയെത്തിക്കാന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ മത്സരം കൊഴുക്കുമെന്നുറപ്പാണ്. എന്നാല്‍ പുറത്തുള്ള ബഹളങ്ങളൊന്നുമില്ലാതെ മറ്റൊരു മത്സരം എന്ന രീതിയിലാണ് ഇരുടീമുകളും കളത്തിലിങ്ങുന്നത്.

ഇതിനിടെയുള്ള പരിശീലന സെഷനുകളിലെ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പരിക്കിന്റെ പിടിയിലായതിനാല്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ പോയ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രിദി. താരം ഇന്ത്യന്‍ താരങ്ങളുമായി സൗഹൃദം പങ്കിടുന്ന വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

2019ന് ശേഷം വിരാടിന് മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. വിരാടിന്റെ തിരിച്ചു വരവാണ് മുഴുവന്‍ ആരാധകരും കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിലുടെ താരം ഫോമിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രിദി.

ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ വിരാടിന്റെ വിക്കറ്റെടുത്ത താരമാണ് ഷഹീന്‍. എന്നാല്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിരാട് തിരിച്ചുവരവ് നടത്തണമെന്നാണ് അഫ്രിദി പ്രത്യാശിക്കുന്നത്.

‘നിങ്ങളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു. എനിക്ക് നിങ്ങളെ വീണ്ടും ഫോമില്‍ കാണാന്‍ ആഗ്രഹമുണ്ട്.’ അഫ്രിദി മുന്‍ ഇന്ത്യന്‍ നായകനോട് പറഞ്ഞു.

വിരാടിന്റെ ഫോം വരാനിരിക്കുന്ന ലോകകപ്പിന് ഇന്ത്യന്‍ ടീമിന് സുപ്രധാന ഘടകമാണ്. ഒരു മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് ടീമില്‍ തിരിച്ചെത്തുന്നത്. താരം താളം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ടീം ഒന്നുകൂടെ ശക്തിപ്പെടും എന്നുറപ്പാണ്, കൂടാതെ താരത്തിന്റെ കോണ്‍ഫിഡന്‍സും വര്‍ധിക്കും.

Content highlight: Shaheen Afridi syas he want to see Virat Kohli back in form