അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ; ഓസ്ട്രേലിയക്ക് ഇനിയും സാധ്യതകളുണ്ട്, സംഭവം ഇങ്ങനെ....
Cricket
അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ; ഓസ്ട്രേലിയക്ക് ഇനിയും സാധ്യതകളുണ്ട്, സംഭവം ഇങ്ങനെ....
ഫസീഹ പി.സി.
Tuesday, 17th February 2026, 10:18 am

2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി.

ഇതോടെ സൂപ്പര്‍ 8ലേക്കുള്ള ഓസീസിന്റെ സാധ്യതകള്‍ മങ്ങി. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയോടും തോല്‍വി വഴങ്ങിയിരുന്നു. ഇപ്പോള്‍ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് മുന്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലിലാക്കിയത്.

ഓസ്‌ട്രേലിയൻ ടീം. Photo: Cricket Australia/x.com

നിലവില്‍ ഓസീസ് ഗ്രൂപ്പ് ബി-യില്‍ സിംബാബ്‌വേയ്ക്കും പിന്നില്‍ മൂന്നാമതാണ്. വെറും രണ്ട് പോയിന്റ് മാത്രമാണ് കങ്കാരുപ്പടക്കുള്ളത്. +0.414 എന്ന നെറ്റ് റണ്‍ റേറ്റുമാണ് ടീമിനുള്ളത്.

എന്നാല്‍, ഓസീസിനെ പൂര്‍ണമായി തള്ളിക്കളയാന്‍ സമയമായിട്ടില്ല. ടീമിന് ഇനിയും സൂപ്പര്‍ എട്ടിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ട് എന്നത് തന്നെയാണ് അതിന് കാരണം. അത് എങ്ങനെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

സൂപ്പര്‍ 8ലേക്ക് പ്രവേശിക്കാന്‍ ഓസ്ട്രേലിയയ്ക്ക് തങ്ങളുടെ ബാക്കിയുള്ള മത്സരത്തിലെ ജയത്തിനൊപ്പം മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കുകയും വേണം. ഓസ്ട്രേലിയക്ക് ഒമാനെതിരെ ഒരു മത്സരമാണ് ശേഷിക്കുന്നത്. അതില്‍ ടീമിന് വലിയ മാര്‍ജിനില്‍ ജയിക്കണം.

കൂടാതെ, ഓസീസിന് മുന്നേറാന്‍ സിംബാബ്‌വേ തങ്ങളുടെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും വേണം. അയര്‍ലാന്‍ഡിനും ശ്രീലങ്കയ്ക്ക് എതിരെയുമാണ് ഷെവറോണ്‍സിന്റെ മത്സരങ്ങള്‍. ഇന്ന് (ചൊവ്വ) മൂന്ന് മണിക്ക് അയര്‍ലാന്‍ഡിനെതിരെയും ഫെബ്രുവരി 19ന് ശ്രീലങ്കയ്ക്കെതിരെയുമാണ് സിംബാബ്‌വേ കളത്തിലിറങ്ങുക. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജയിച്ചാല്‍ ടീം ഓസീസിനെ മറികടന്ന് മുന്നോട്ട് പോവും.

സിംബാബ്‌വേ. Photo: ICC/x.com

സിംബാബ്‌വേക്ക് ഇരു മത്സരങ്ങളിലും ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമാണ് ഓസീസിന് പ്രതീക്ഷ വെക്കാനുള്ളത്. ഷെവറോണ്‍സ് ഇരു മത്സരത്തിലും പരാജയപ്പെട്ടാല്‍ ഓസീസിനും അയര്‍ലാന്‍ഡിനും നാല് പോയിന്റ് വീതമാകും. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാവും ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കുള്ള രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക.

ഇനി അയര്‍ലന്‍ഡിന് സൂപ്പര്‍ 8ലേക്ക് മുന്നേറണമെങ്കില്‍ സിംബാബ്വെക്ക് എതിരെ ഇന്ന് ഫെബ്രുവരി 17ന് നടക്കുന്ന മത്സരത്തില്‍ ജയിക്കണം. അതാകട്ടെ കൂറ്റന്‍ വിജയവുമായിരിക്കണം. കൂടാതെ, ഓസ്‌ട്രേലിയ ഒമാനോട് തോല്‍ക്കുകയും സിംബാബ്‌വേ ശ്രീലങ്കയോട് വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും വേണം.

Content Highlight: Scenarios for Australia to qualify into T20 World Cup 2026 Super 8

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി