'യഥാര്‍ത്ഥ മൂല്യം അറിയുക ആശുപത്രിയില്‍ ദിവസങ്ങളോളം കഴിയുന്നവര്‍ക്ക്'; പൊതിച്ചോറിനെ പിന്തുണച്ച് മൊയീന്‍ അലി ശിഹാബ് തങ്ങള്‍
Kerala
'യഥാര്‍ത്ഥ മൂല്യം അറിയുക ആശുപത്രിയില്‍ ദിവസങ്ങളോളം കഴിയുന്നവര്‍ക്ക്'; പൊതിച്ചോറിനെ പിന്തുണച്ച് മൊയീന്‍ അലി ശിഹാബ് തങ്ങള്‍
റെന്വര്‍ പി
Sunday, 19th July 2026, 10:14 pm

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ പൊതിച്ചോര്‍ വിതരണത്തെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് യൂത്ത് ലീഗ് മുന്‍ നേതാവ് സഈദ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.

യൂത്ത് ലീഗ് പ്രാദേശിക നേതാവും എസ്്.കെ.എസ്്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായ സൈനുദ്ദീന്‍ ഒളവട്ടൂര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പങ്കുവച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐയും സി.എച്ച് സെന്ററും, സഹചാരി, കനിവ്, സഹായി തുടങ്ങിയ സന്നദ്ധ സംഘടനകളും നടത്തുന്ന ഭക്ഷണ വിതരണത്തെ പിന്തുണച്ചുകൊണ്ടുള്ളതാണ് ഈ പോസ്റ്റ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയ്ക്കായി കഴിയേണ്ടി വരുന്ന കുടുംബങ്ങളുണ്ടെന്നും ഇവര്‍ക്ക് സി.എച്ച് സെന്ററും ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളും നല്‍കുന്ന ഭക്ഷണ വിതരണമാണ് ഏറ്റവും വലിയ ആശ്രയമെന്നും ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വലിയൊരു സാമ്പത്തിക ആശ്വാസം കൂടിയാണ് ഭക്ഷണ വിതരണം. ദിവസേന ഭക്ഷണത്തിനായി ചെലവഴിക്കേണ്ട തുക ലാഭിക്കാനാകുന്നത് ചികിത്സയുടെ ഭാരത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വലിയ സഹായമാകുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ സേവനത്തിന്റെ യഥാര്‍ത്ഥ മൂല്യം ആശുപത്രിയില്‍ ദിവസങ്ങളോളം കഴിയുന്നവര്‍ക്കാണ് ഏറ്റവും നന്നായി അറിയുക. വിശപ്പിന്റെ വേദന അനുഭവിച്ചവര്‍ക്കേ ഒരു പൊതിച്ചോറിന്റെ വില മനസ്സിലാകൂ. അതുപോലെ, രോഗിയുടെ കൂടെയിരുന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നവര്‍ക്കേ ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്ന കരുതലിന്റെയും ആശ്വാസത്തിന്റെയും യഥാര്‍ത്ഥ വില മനസ്സിലാകൂവെന്നും സൈനുദ്ദീന്‍ ഒളവട്ടൂര്‍ അഭിപ്രായപ്പെടുന്നു.

‘ഭാവിയില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സ്ഥിരം സംവിധാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.

എന്നാല്‍ അത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായും വിശ്വസനീയമായും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണസേവനം ദുര്‍ബലപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. പകരം, അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ 38 ദിവസമായി ഭാര്യയുടെയും മകളുടെയും ചികിത്സയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഇടനാഴികളില്‍ കഴിയുമ്പോള്‍, ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുത്‌വിശപ്പിന്റെ വിലയും മനുഷ്യസ്‌നേഹത്തിന്റെ അളവും വാക്കുകളിലല്ല, പ്രവര്‍ത്തികളിലാണെന്നതാണ്.

ഇവിടെ നാല് മാസവും ആറ് മാസവും, ചിലപ്പോള്‍ പത്ത് മാസത്തിലേറെയും കുഞ്ഞുങ്ങളോടൊപ്പം ചികിത്സയ്ക്കായി കഴിയുന്ന കുടുംബങ്ങളെ കാണാം. അവരില്‍ പലര്‍ക്കും സി.എച്ച്. സെന്റര്‍, സഹചാരി, സഹായി, കനിവ്, DYFI തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ വിവിധ സമയങ്ങളിലായി നല്‍കുന്ന ഭക്ഷണമാണ് ഏറ്റവും വലിയ ആശ്രയം.

രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രിയില്‍ എന്നിങ്ങനെ നാല് നേരങ്ങളിലായി ലഭിക്കുന്ന ഈ ഭക്ഷണം വിശപ്പടക്കുക മാത്രമല്ല, ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വലിയൊരു സാമ്പത്തിക ആശ്വാസം കൂടിയാണ്. ദിവസേന ഭക്ഷണത്തിനായി ചെലവഴിക്കേണ്ട തുക ലാഭിക്കാനാകുന്നത് ചികിത്സയുടെ ഭാരത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വലിയ സഹായമാകുന്നു.

ഈ സേവനത്തിന്റെ യഥാര്‍ത്ഥ മൂല്യം ആശുപത്രിയില്‍ ദിവസങ്ങളോളം കഴിയുന്നവര്‍ക്കാണ് ഏറ്റവും നന്നായി അറിയുക. വിശപ്പിന്റെ വേദന അനുഭവിച്ചവര്‍ക്കേ ഒരു പൊതിച്ചോറിന്റെ വില മനസ്സിലാകൂ. അതുപോലെ, രോഗിയുടെ കൂടെയിരുന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നവര്‍ക്കേ ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്ന കരുതലിന്റെയും ആശ്വാസത്തിന്റെയും യഥാര്‍ത്ഥ വില മനസ്സിലാകൂ.

വിശപ്പിനെക്കുറിച്ച് കവിത എഴുതുന്നതും പ്രസംഗിക്കുന്നതും എളുപ്പമാണ്. എന്നാല്‍ വിശക്കുന്നവന്റെ കൈയില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹവും സേവനവും.

അതുകൊണ്ട്, ഇത്തരത്തിലുള്ള സന്നദ്ധ സേവനങ്ങളെ വിമര്‍ശിക്കുകയല്ല, കൂടുതല്‍ കരുത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.

ഭാവിയില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സ്ഥിരം സംവിധാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.

എന്നാല്‍ അത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായും വിശ്വസനീയമായും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണസേവനം ദുര്‍ബലപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. പകരം, അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്; പ്രവര്‍ത്തിയാണ്.
-സൈനുദ്ധീന്‍ ഒളവട്ടൂര്‍

Content Highlight: Sayyid Moyeen Ali Shihab Thangal, former Muslim Youth League leader shares Facebook Post which supports meals distribution of organisations including DYFI

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.