ലുലു ഗ്രൂപ്പ് ഓഹരി സ്വന്തമാക്കാന്‍ സൗദി അറേബ്യ, യൂസഫലിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
Gulf
ലുലു ഗ്രൂപ്പ് ഓഹരി സ്വന്തമാക്കാന്‍ സൗദി അറേബ്യ, യൂസഫലിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2020, 5:27 pm

റിയാദ്: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

ആറാഴ്ച മുമ്പേ ഇതു സംബന്ധിച്ചുള്ള ചര്‍ച്ച നടന്നു വരികയാണെന്നാണ് രണ്ട് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരിക്കുന്നത്. നിലവില്‍ സൗദിയില്‍ ലുലു ഗ്രൂപ്പ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വര്‍ഷമാദ്യം യു.എ.ഇ ഗവണ്‍മെന്റിനു കീഴിലുള്ള അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ലുലു ഗ്രൂപ്പില്‍ നടത്തിയത്. 7.4 ബില്യണ്‍ ഡോളര്‍ ആണ് ലുലുഗ്രൂപ്പിനു കണക്കാക്കപ്പെടുന്ന വാര്‍ഷിക വരുമാനം.

അതേസമയം സൗദി നിക്ഷേപത്തെക്കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകമാണ് പി.ഐ.എഫ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പി.ഐ.എഫിന്റെ അധ്യക്ഷന്‍. എണ്ണ വിപണിയില്‍ നിന്നു മാറി മറ്റു മേഖലകളില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പല നിക്ഷേപ പദ്ധതികളും സൗദി നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം ഭീമനായ റിലയന്‍സ് ജിയോയില്‍ പി.ഐ.എഫ് നിക്ഷേപം നടത്തിയിരുന്നു.

ജിയോയുടെ 2.32 ശതമാനം ഓഹരിക്കായി 11,367 കോടി രൂപയുടെ നിക്ഷേപമാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റമെന്റ് ഫണ്ട് നടത്തിയത്. ഇതിനു പുറമേ ടൂറിസം മേഖലയിലേക്കുള്ള നിക്ഷേപവും പി.ഐ.എഫ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi PIF in talks to buy stake in UAE supermarket chain Lulu sources