ആദംവില്ല പൊളിച്ചുകളഞ്ഞതിന് ശേഷം പിന്നെ ഇപ്പോഴാ കാണുന്നത്, കത്തനാര്‍ ട്രെയ്‌ലറില്‍ ശ്രദ്ധ നേടി സനൂപ് സന്തോഷ്
Malayalam Cinema
ആദംവില്ല പൊളിച്ചുകളഞ്ഞതിന് ശേഷം പിന്നെ ഇപ്പോഴാ കാണുന്നത്, കത്തനാര്‍ ട്രെയ്‌ലറില്‍ ശ്രദ്ധ നേടി സനൂപ് സന്തോഷ്
അമര്‍നാഥ് എം.
Tuesday, 31st March 2026, 9:34 pm

മലയാളസിനിമയുടെ അടുത്ത ലെവലെന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് കത്തനാര്‍. നാല് വര്‍ഷത്തെ ഷൂട്ടിനൊടുവില്‍ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. വിഷ്വല്‍ സ്‌പെക്ടക്കിളെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കത്തനാര്‍ Photo: Screen grab/ Sree Gokulam Movies

ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്നാലെ സിനിമാപ്രേമികള്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മലയാളത്തിലെ സകല റെക്കോഡുകളും കത്തനാര്‍ തകര്‍ക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഷ്‌ക ഷെട്ടി നായികയായെത്തുമ്പോള്‍ പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ് തുടങ്ങി പല വമ്പന്മാരും കത്തനാറിന്റെ ഭാഗമാണ്.

എന്നാല്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു താരം സനൂപ് സന്തോഷാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആക്ഷന്‍ താരമായാണ് സനൂപ് കത്തനാറില്‍ വേഷമിടുന്നത്. സനൂപ് സാന്‍ എന്ന് പേര് മാറ്റിയ താരം കത്തനാറില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സനൂപ് സന്തോഷ് Photo: Screen grab/ Sree Gokulam Movies

ബാലതാരമായി സിനിമാലോകത്തേക്കെത്തിയ സനൂപ് ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്നിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. പിന്നീട് ജോ ആന്‍ഡ് ബോയ്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളില്‍ സനൂപ് ഭാഗമായിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സനൂപ് ഫേമസായത് മറ്റൊരു ചിത്രത്തിന്റെ പേരിലാണ്. ജോണി ജോണി യെസ് അപ്പായിലെ ആദം എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലാണ്. സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്ന ആദം എന്ന കഥാപാത്രത്തെ വളരെ സീരിയസായാണ് സംവിധായകന്‍ അവതരിപ്പിച്ചത്.

ജോണി ജോണി യെസ് അപ്പാ Photo: Jio Hotstar

ആദംവില്ല എന്ന പേരില്‍ ഒരു ചെറിയ കുടില്‍ പുറമ്പോക്ക് ഭൂമിയില്‍ വെക്കുന്ന ആദവും ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുകളയുന്നതുമെല്ലാം വളരെ ഇമോഷണലായാണ് സംവിധായകന്‍ ചിത്രീകരിച്ചത്. എന്നാല്‍ ആ ഇമോഷന്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകന് സാധിക്കാതെ വന്നതോടെ ഈ രംഗം ട്രോള്‍ മെറ്റീരിയലായി മാറി.

എട്ട് വര്‍ഷത്തിന് ശേഷം ആദംവില്ല സനൂപ് സിനിമാലോകത്തേക്ക് തിരിച്ചുവരുന്നു എന്നാണ് ചില പോസ്റ്റുകള്‍. ജോണി ജോണി യെസ് അപ്പക്ക് ശേഷം സനൂപിനെ ഒരുപാട് കാലത്തേക്ക് സിനിമാലോകത്ത് കാണാനില്ലായിരുന്നു. ആദംവില്ല കാരണം ലഭിച്ച ട്രോളുകള്‍ കത്തനാറിലൂടെ സനൂപ് മാറ്റിയെടുക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങിയത്. നാല് വര്‍ഷത്തെ ഷൂട്ടില്‍ രണ്ട് ഭാഗങ്ങളും പൂര്‍ത്തിയായെന്നും ധുരന്ധര്‍ പോലെ അധികം ഗ്യാപ്പ് നല്‍കാതെ രണ്ട് ഭാഗങ്ങളും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Sanoop Santhosh getting recognition in Kathanar trailer

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം