ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ആദ്യ കാലഘട്ടങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്റെ ട്രെയല്‍സില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ കണ്ടപ്പോഴുള്ള അനുഭവമായിരുന്നു സഞ്ജു പങ്കുവെച്ചത്.

തനിക്ക് ഒരു അവസരം നല്‍കാമെന്ന് ദ്രാവിഡ് ഉറപ്പ് നല്‍കിയിരുന്നുവെന്നും സ്വതന്ത്രമായി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സഞ്ജു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

‘ജയ്പൂരില്‍ ആയിരുന്നു ട്രയല്‍സ് നടന്നത്. അപ്പോഴയിരുന്നു രാഹുല്‍ ദ്രാവിഡ് ആദ്യമായി എന്നെ കാണാന്‍ വന്നത്. അദ്ദേഹം വന്ന ഉടനെ തന്നെ ശ്രീശാന്ത് എന്നെക്കുറിച്ച് വളരെ നല്ല കാര്യങ്ങള്‍ പറഞ്ഞു. ഈ കളിക്കാരന്‍ ഒരുപാട് നേടിയിട്ടുണ്ട് ധാരാളം സിക്‌സുകളും ഫോറുകളും നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീശാന്ത് പറഞ്ഞത് പോലെ അന്നും എനിക്ക് കുറച്ച് സിക്‌സറുകള്‍ നേടാന്‍ സാധിച്ചു. എന്നോട് സ്വതന്ത്രമായി കളിക്കാന്‍ രാഹുല്‍ സാര്‍ പറഞ്ഞു. എനിക്കൊരു അവസരം നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

പിന്നീട് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഐ.പി.എല്ലിന് മുമ്പായി ഞങ്ങള്‍ ഒരു പരിശീലന മത്സരം കളിച്ചു. പക്ഷേ അതില്‍ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിനുള്ള ടീമില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. അത് എന്നെ വളരെ വിഷമിപ്പിച്ചു. എന്നാല്‍ പിന്നീട് എനിക്ക് അത് ഒരു അനുഗ്രഹമായി മാറി. ഇത്ര വലിയൊരു ലീഗില്‍ എങ്ങനെ കളിക്കണമെന്ന് മനസിലാക്കാന്‍ ഈ സമയം എന്നെ സഹായിച്ചു,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയാണ് സഞ്ജു വരവറിയിച്ചത്. ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ദല്‍ഹിക്കായി കളിച്ചതൊഴിച്ചാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു സ്ഥിരസാന്നിധ്യമായി തുടര്‍ന്നു.

രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്. രാജസ്ഥാന് ക്യാപ്റ്റനെന്ന നിലയില്‍ കിരീടം ചൂടിക്കാന്‍ സാധിച്ചില്ലെങ്കിലും ഷെയ്ന്‍ വോണിന് ശേഷം ടീമിനെ ഫൈനലിലെത്തിച്ച ആദ്യ നായകനായിരുന്നു സഞ്ജു.

രാജസ്ഥാനൊപ്പമുള്ള നീണ്ട വര്‍ഷക്കാലത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഈ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ചെന്നൈക്കായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാപ് ഡീലുകളിലൊന്നിലൂടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് സഞ്ജു സാംസണെ ചെപ്പോക്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ പകരം നല്‍കിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്.

 

Content Highlight: Sanju Samson shares memories of his early days with Rajasthan Royals in the IPL