ടി-20യില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി-20യില്‍ 750 ഫോറുകള്‍ പൂര്‍ത്തിയാക്കിയാണ് സഞ്ജു പുതിയ മൈല്‍സ്റ്റണിലേക്ക് നടന്നുകയറിയത്. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് ഫോറുകള്‍ നേടിയതിന് പിന്നാലെയാണ് സഞ്ജുവിനെ തേടി ഈ നേട്ടമെത്തിയത്.
ദിഗ്വേഷ് സിങ് രാഥി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് മത്സരത്തിലെ തന്റെ മൂന്നാം ഫോര്‍ അടിച്ചെടുത്തത്. മത്സരത്തില്‍ 14 പന്തില്‍ 28 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് സഞ്ജു സ്വന്തമാക്കിയത്. ദിഗ്വേഷിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്.
324 ഇന്നിങ്സുകളില്‍ നിന്നുമാണ് സഞ്ജു 750 ഫോറുകള്‍ പായിച്ചത്. ഇന്ത്യ, കേരളം, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.
ഈ സീസണില്‍ 11 ഇന്നിങ്സില്‍ നിന്നും 430 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് ഈ സീസണില്‍ സഞ്ജു അടിച്ച് കൂട്ടിയത്.
അതേസമയം ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്‌സ്.
ഷഹബാസ് അഹമ്മദ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ലഖ്‌നൗ സ്‌കോര്‍ 200 കടന്നു. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് ഷഹബാസ് നേടിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.
ചെന്നൈ ബൗളിങ്ങില്‍ ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി എല്‍.എസ്.ജി ബാറ്റിങ് നിരയെ സമ്മര്‍ദത്തിലക്കി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Sanju Samson Completed 750 Fours in T20 Cricket