ടി - 20യില്‍ പുത്തന്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത ഐതിഹാസിക നേട്ടമരികെ
Cricket
ടി - 20യില്‍ പുത്തന്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത ഐതിഹാസിക നേട്ടമരികെ
ഫസീഹ പി.സി.
Sunday, 21st June 2026, 3:57 pm

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരക്കായുള്ള ആവേശ കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. ടി – 20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത് എന്നതാണ് കാരണം.

അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നും 28നുമാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഐ.പി.എല്ലിന് ശേഷം സഞ്ജു കളത്തിലിറങ്ങുന്നതും ഈ പരമ്പരയിലൂടെയാണ്. അതിനാല്‍ തന്നെ മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സഞ്ജു സാംസൺ. Photo: BCCI/x.com

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20ഐയിൽ തുടര്‍ച്ചയായി നാല് 50+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് മലയാളി വിക്കറ്റ് കീപ്പര്ക്ക് അവസരമുള്ളത്.

ടി – 20 ലോകകപ്പില്‍ സഞ്ജു അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സ് നേടി തിളങ്ങിയിരുന്നു.

പിന്നാലെ സെമി ഫൈനലിലും ഫൈനലിലും സഞ്ജു അര്‍ധ സെഞ്ച്വറി അടിച്ച് ഇന്ത്യന്‍ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും 89 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അയര്‍ലാന്‍ഡിനെതിരെ ആദ്യ ടി – 20യില്‍ തന്നെ ഫിഫ്റ്റി അടിച്ചാല്‍ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാം. ടി – 20ഐയിൽ ഒരു ഇന്ത്യന്‍ താരത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരെല്ലാം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ 50+ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്.

Conten Highlight: Sanju Samson can first Indian to score 4 consecutive 50+ in T20I if he score fifty in first match against Ireland

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.