സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ സഞ്ജു; റെക്കോഡുകള്‍ കടപുഴകും
IPL
സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ സഞ്ജു; റെക്കോഡുകള്‍ കടപുഴകും
ആദര്‍ശ് എം.കെ.
Thursday, 19th March 2026, 1:53 pm

ഐ.പി.എല്‍ 2026ന് ആരവമുയരാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ലോകകപ്പ് ആവേശം കെട്ടടങ്ങും മുമ്പ് ക്രിക്കറ്റ് ആരാധകര്‍ ഐ.പി.എല്‍ ആവേശത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്.

ലോകകപ്പില്‍ തിളങ്ങിയ പല താരങ്ങള്‍ക്കും ഇപ്പോള്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്കായി തിളങ്ങാനുള്ള അവസരമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കി പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങുന്ന സഞ്ജു സാംസണെ സംബന്ധിച്ച് ഇത് പുതിയ അധ്യായമാണ്. ലോകകപ്പിന്റെ താരമായി ഐ.പി.എല്ലിലേക്കെത്തുന്ന സഞ്ജുവില്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും ഏറെയാണ്.

സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി

ഈ സീസണില്‍ പല നേട്ടങ്ങളും സഞ്ജുവിനെ തേടിയെത്തുമെന്നുറപ്പാണ്. അതിലൊന്ന് 400 ഫോറുകള്‍ നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലെ ഇടമാണ്. ഇതിനായി വേണ്ടതാകട്ടെ വെറും 21 ഫോറും.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി കളത്തിലിറങ്ങിയ 172 ഇന്നിങ്‌സില്‍ നിന്നും 379 ഫോറുകളാണ് സഞ്ജു അടിച്ചെടുത്തത്. 219 സിക്‌സറും താരത്തിന്റെ പേരിലുണ്ട്.

രാജസ്ഥാന്‍ ക്യാപ്റ്റനായി

2026 ടി-20 ലോകകപ്പില്‍ ബാറ്റെടുത്ത വെറും അഞ്ച് ഇന്നിങ്‌സില്‍ 27 ഫോറടിച്ച സഞ്ജുവിന് നിലവിലെ ഫോമില്‍ ഈ നേട്ടം അനായാസം സ്വന്തമാക്കാന്‍ സാധിക്കുമെന്നുറപ്പാണ്.

ഐ.പി.എല്ലില്‍ 21 ഫോര്‍ കൂടി സ്വന്തമാക്കിയാല്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ 400 ഫോര്‍ പൂര്‍ത്തിയാക്കുന്ന 16ാം താരമെന്ന നേട്ടം സഞ്ജുവിന് സ്വന്തമാക്കാം.

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഇതുവരെ ഐ.പി.എല്ലില്‍ 400 ഫോര്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍. ഇവര്‍ക്കൊപ്പമാണ് സഞ്ജു ഇടം പിടിക്കാനൊരുങ്ങുന്നത്.

400 ഫോര്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് ഫോര്‍ കൂടി നേടിയാല്‍ ഈ ലിസ്റ്റില്‍ ഐ.പി.എല്‍ ലെജന്‍ഡും ആര്‍.സി.ബി ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലിനെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്. ഐ.പി.എല്‍ കരിയറില്‍ 404 ഫോറുകളാണ് കരീബിയന്‍ താരത്തിന്റെ പേരിലുള്ളത്.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

 

Content Highlight: Sanju Samson can complete 400 fours in IPL if he hits 21 more fours

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.