ഐതിഹാസ നേട്ടത്തിനരികെ സഞ്ജു; വേണ്ടത് ഇത്രമാത്രം...
Cricket
ഐതിഹാസ നേട്ടത്തിനരികെ സഞ്ജു; വേണ്ടത് ഇത്രമാത്രം...
ഫസീഹ പി.സി.
Sunday, 17th May 2026, 9:06 pm

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാളെ (മെയ് 18) ഇറങ്ങുകയാണ്. ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.

ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്. ഐ.പി.എല്ലില്‍ 250 സിക്സറുകള്‍ എന്ന നേട്ടമാണ് താരത്തിന് നേടിയെടുക്കാന്‍ സാധിക്കുക.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഇതിനായി സഞ്ജുവിന് വേണ്ടത് എട്ട് സിക്സറുകളാണ്. നിലവില്‍ ടൂര്‍ണമെന്റില്‍ താരം 242 സിക്സറുകള്‍ അടിച്ച് കൂട്ടിയിട്ടുണ്ട്. 184 ഇന്നിങ്സുകളില്‍ കളിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്രയധികം പന്തുകള്‍ ഗാലറിയിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയർ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കായാണ് മലയാളി ബാറ്റര്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളത്.

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ സഞ്ജു മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവെക്കുന്നത്. ഈ സീസണില്‍ 12 ഇന്നിങ്സുകളില്‍ കളിച്ച് താരം ഇതുവരെ 450 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് വിക്കറ്റ് കീപ്പര്‍ 19ാം സീസണില്‍ അടിച്ചുകൂട്ടിയത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

ദല്‍ഹി ക്യാപിറ്റല്‍സിനും മുംബൈ ഇന്ത്യന്‍സിനെതിരെയുമായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറികള്‍. ദൽഹിക്കെതിരെ അടിച്ച അപരാജിത 115 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

സീസണില്‍ ഇതുവരെ സഞ്ജു 48 ഫോറുകളും 23 സിക്സറുകളും അതിര്‍ത്തി കടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ പ്രിയ ചേട്ടന് ഈ നേട്ടവും കൈപ്പിടിയില്‍ ഒതുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Sanju Samson can complete 250 IPL sixes by hit 8 more sixes in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി