വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയ ആതിഥേയര്‍ ടി-20 പരമ്പരയിലും ആധിപത്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഓപ്പണിങ് കൂട്ടുകെട്ട് മുതല്‍ തന്നെ റണ്‍മല തീര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് യൂണിറ്റാണ് ഇന്ത്യയുടേത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ തന്നെയാകും ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

Photo: BCCI

നേരിടുന്ന ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തുന്ന അഭിഷേകിന്റെയും, ക്രീസില്‍ ഉറച്ചുനിന്നാല്‍ അഭിഷേകിനേക്കാള്‍ അപകടകാരിയായ സഞ്ജു സാംസണിന്റെയും കൂട്ടുകെട്ട് തകര്‍ക്കുക എന്നത് തന്നെയാകും വിന്‍ഡീസ് ബൗളര്‍മാരുടെ പ്രഥമ പരിഗണന.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്റിങ് ജോഡിയാണ് ഇരുവരുടേതും. ഒരു പെയര്‍ എന്ന നിലയില്‍ ഇരുവരും ചേര്‍ന്ന് 575 റണ്‍സാണ് ഈ വര്‍ഷം മാത്രം അടിച്ചെടുത്തത്. ഈ വര്‍ഷമിതുവരെ ഏറ്റവുമധികം റണ്‍സ് നേടിയ പെയറും അഭിഷേക് – സഞ്ജു കൂട്ടുകെട്ട് തന്നെ.

അഭിഷേക് ശര്‍മ. Photo: BCCI/x.com

198 എന്ന മികച്ച പ്രഹരശേഷിയിലാണ് ഇരുവരും ചേര്‍ന്ന് ബാറ്റ് വീശുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം, ചുരുങ്ങിയത് 200 റണ്‍സ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റും ഇതാണ്.

വ്യക്തിഗത പ്രകടനങ്ങളെന്നതിലുപരി ഒരു പെയര്‍ എന്ന നിലയില്‍ ഇരുവരും കൂടുതല്‍ അപകടകാരികളാണ്, ടി-20 ലോകകപ്പില്‍ ഇത് ആരാധകര്‍ കണ്ടതുമാണ്.

കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 98 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടി-20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോഡും ഇരുവരും കുറിച്ചിരുന്നു.

Photo: BCCI

21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ മടക്കി രചിന്‍ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനെ (25 പന്തില്‍ 54) ഒപ്പം കൂട്ടി രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഞ്ജു 46 പന്തില്‍ 89 റണ്‍സടിച്ചാണ് കളം വിട്ടത്.

മൂവരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ 159ന് പുറത്താക്കി 96 റണ്‍സിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഈയിടെ അവസാനിച്ച ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ അവസാന മത്സരത്തിലാണ് അഭി-സാം കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് പിറന്നത്. ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

അതേസമയം, ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിന് പകരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കി നടത്തിയ പരീക്ഷണം അത്രകണ്ട് വിജയിച്ചിരുന്നല്ല. ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലില്‍ അഭിഷേകും വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജുവും നിരാശപ്പെടുത്തിയിരുന്നു. ഫൈനലില്‍ അഭിഷേക് തിളങ്ങിയെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം സഞ്ജുവിന് വീണ്ടും നിരാശ സമ്മാനിച്ചിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു – അഭിഷേക് കൂട്ടുകെട്ടിനെ തിരികെ കൊണ്ടുവരണമെന്ന് ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ പരമ്പരയില്‍ ഇരുവരും വീണ്ടും തങ്ങളുടെ മാജിക് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Sanju Samson and Abhishek Sharma are the batting pair that scored the most runs in 2026.