ആ ഒരു വാക്കിൽ നിന്നാണ് ഹൗ ഓൾഡ് ആർ യുവിന്റെ സെക്കൻഡ് ഹാഫ് ഉണ്ടായത് : സഞ്ജയ്
Malayalam Cinema
ആ ഒരു വാക്കിൽ നിന്നാണ് ഹൗ ഓൾഡ് ആർ യുവിന്റെ സെക്കൻഡ് ഹാഫ് ഉണ്ടായത് : സഞ്ജയ്
കെ.എസ് ഷാബിന
Tuesday, 11th August 2026, 9:59 pm

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു വാര്യർ നീണ്ട ഇടവേളക്കു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു. ബോബി സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്.

ഇപ്പോൾ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ സഞ്ജയ് സിനിമയുടെ സെക്കൻഡ് ഹാഫ് ഉണ്ടാകാൻ കാരണമായ സംഭവം തുറന്നു പറയുകയാണ്. പോർട്രെയ്ൽ ബൈ ഗദ്ദാഫി എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ തുടങ്ങുന്ന സമയം ഇതിന്റെ കഥ എന്താകുമെന്ന് ഒന്നും അറിയില്ലായിരുന്നു എന്നും, രണ്ടാം ഭാഗം എന്താണ് എന്ന് അറിയാതെയാണ് ഷൂട്ടിങ് ആരംഭിച്ചത് എന്നും സഞ്ജയ് പറയുന്നു. ഒരു സ്ത്രീയുടെ പ്രായത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന് മാത്രമായിരുന്നു പ്ലാൻ എന്നും, സെക്കൻഡ് ഹാഫിൽ കാണിക്കുന്ന ജൈവ കൃഷിയുടെ സംഭവം സിനിമയിൽ തന്നെ ആദ്യം ഉണ്ടായിരുന്നില്ല എന്നും സഞ്ജയ് തുറന്നു പറഞ്ഞു.

മഞ്ജു വാര്യർ .Photo: Rotten Tomatoes

‘ഹൗ ഓൾഡ് ആർ യു തുടങ്ങുന്ന സമയത്ത് യാതൊരു പിടിയും ഇല്ലായിരുന്നു. ഇതെങ്ങനെ തീരും, എന്തായിത്തീരും എന്നൊന്നും അറിയില്ലായിരുന്നു. ഒരു സ്ത്രീക്കുണ്ടാകുന്ന ഒരു പ്രായം. അതായിരുന്നു സിനിമയുടെ ത്രെഡ്. ഷൂട്ടിങ് തുടങ്ങുമ്പോൾ പോലും ജൈവകൃഷി എന്ന് പറയുന്ന വിഷയം സിനിമയിൽ ഉണ്ടായിരുന്നില്ല. ഫസ്റ്റ് ഹാഫ് വെച്ചാണ് ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്.

ഇതിനൊരു സെക്കൻഡ് ഹാഫ് ഓർഗാനിക് ആയി ഉണ്ടാവട്ടെ എന്ന് കരുതി. നിരുപമ രാജീവ് ഉയരണമെന്നും, നിരുപമ തിരിച്ചുവരണമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ അതെങ്ങനെ എന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. അത് തീരുമാനിക്കാതെ തന്നെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

സഞ്ജയ്. Photo: Screengrab /Youtube

എന്ത് ചെയ്യണം എന്ന് ആലോചിച്ചു കുഴങ്ങുമ്പോഴാണ് എന്റെയും റോഷന്റെയും ഒരു സുഹൃത്ത് സെറ്റിൽ വരുന്നത്. ആ വ്യക്തിയുടെ നാവിൽ നിന്ന് വീണ ഒരു വാക്കാണ്, ‘ഓർഗാനിക് ഫെർമിൻങ്’ സൊസൈറ്റിക്ക് വളരെ ആവശ്യമുള്ള ഒന്നാണ്’ എന്നത്. ആ ഒരു ആകസ്മികമായ വാചകത്തിൽ നിന്നാണ് സിനിമയുടെ സെക്കൻഡ് ഹാഫ് ഉണ്ടാവുന്നത്,’സഞ്ജയ് പറയുന്നു.

എന്നാൽ സെക്കൻഡ് ഹാഫിൽ ജൈവ കൃഷി കാണിക്കണം എന്ന് അറിയാതെ തന്നെ, ഫസ്റ്റ് ഹാഫിൽ നിരുപമ ടെറസിൽ ചെറുതായി കൃഷി ചെയ്യുന്നതായി ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു എന്നും സഞ്ജയ് പറയുന്നു.

Content Highlight: Sanjay talks about How old are you movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.