ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20യില്‍ യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറിയിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയായിരുന്നു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
വൈഭവ് ടീമിലെത്തിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സഞ്ജു ടീമില്‍ ഇല്ലാത്തത് അതിശയിപ്പിക്കുന്നുവെന്നുമാണ് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചത്. സഞ്ജുവിന് പരിക്കേറ്റതാണെന്നാണ് താന്‍ കരുതുന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
‘ഇന്ത്യന്‍ ടീമില്‍ വൈഭവ് ഇടം നേടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലെന്നത് അതിശയിപ്പിക്കുന്നു. ഇത് തമാശയാണോ എന്ന് പോലും എനിക്ക് തോന്നുന്നു. അദ്ദേഹത്തിന് പരിക്കേറ്റതാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയാവട്ടെ എന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ഇത് വളരെ വിചിത്രമായ സെലക്ഷനാണ്. വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യിപ്പിക്കാമായിരുന്നു,’ സഞ്ജയ് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ വൈഭവ് പത്ത് പന്തില്‍ 14 റണ്‍സുമായി പുറത്തായിരുന്നു.
മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
Content Highlight: Sanjay Manjrekar talks about Sanju Samson exclusion of Indian team