ഇന്ത്യന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ അഭിഷേക് ശര്‍മയെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകരുമായ സഞ്ജയ് ബംഗാര്‍. അഭിഷേകിന്റെ കളിയില്‍ ആശങ്കയില്ലെന്നും താരം നന്നായി കളിക്കുമെന്നും ബംഗാര്‍ പറഞ്ഞു. ടീമിന്റെ മുഴുവന്‍ ചലനാത്മകതയും മാറ്റുന്ന ഒരു കളിക്കാരനാണ് അഭിഷേകെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സത്യം പറഞ്ഞാല്‍ അവന്റെ കളിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല, കാരണം അദ്ദേഹം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടില്ല. രണ്ടാമത്തെ മത്സരത്തില്‍ വയറുവേദന കാരണം അദ്ദേഹം കളിച്ചില്ല. ഇത് ഒരു സ്റ്റോപ്പ് സ്റ്റാര്‍ട്ട് ടൂര്‍ണമെന്റാണ്.

അഭിഷേക് ശര്‍മ- Photo: BCCI

അവന് നന്നായി കളിക്കാന്‍ കഴിയും. ടീമിന്റെ മുഴുവന്‍ ചലനാത്മകതയും മാറ്റുന്ന ഒരു കളിക്കാരനാണ് അഭിഷേക് എന്ന് ഞാന്‍ കരുതുന്നു, ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ കരിയറില്‍ ആദ്യമായി സംഭവിക്കുന്നതല്ല, അവസാനത്തെതുമല്ല,’ സഞ്ജയ് ബംഗാര്‍ ക്രിക്കറ്റ്ഇന്‍ഫോയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ പൂജ്യം റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. ശേഷം നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ആരോഗ്യ പ്രശ്നം കാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. പകരം സഞ്ജു സാംസനാണ് ഓപ്പണിങ്ങിലെത്തിയത്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേക് വീണ്ടും പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

എന്നിരുന്നാലും നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അഭിഷേക് തന്റെ ഫോം തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ പാകിസ്ഥാനെ പരായപ്പെടുത്തി സൂപ്പര്‍ 8ല്‍ പ്രവേശിച്ച ഇന്ത്യയ്ക്ക് നെതര്‍ലാന്‍ഡ്‌സിനോടുള്ള മത്സരം നിര്‍ണായകമല്ല. ഇതോടെ അഭിഷേകിന് സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും വലിയ സ്‌കോര്‍ നേടാനാകുമെന്നും ക്രിക്കറ്റ് അനലിസ്റ്റുകളും പറയുന്നു.

 

Content Highlight: Sanjay Bangar Supports Abhishek Sharma