മോളിവുഡിലെ അടുത്ത സ്റ്റാര്‍കിഡ് എന്‍ട്രിക്ക് കളമൊരുങ്ങുകയാണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. എന്നാല്‍ റിലീസിന് മുമ്പ് വിസ്മയ മോഹന്‍ലാലിനെതിരെ വലിയൊരു സൈബര്‍ ആക്രമണം നടന്നിരുന്നു.
ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി സമരത്തെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിനെതിരെ വിമര്‍ശിച്ചുകൊണ്ട് വിസമയ രംഗത്തെത്തിയത് സംഘപരിവാറിനെ ചൊടിപ്പിച്ചു. ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പ് ഇങ്ങനെ വിളിച്ചു പറയുന്നത് സിനിമയെ ബാധിക്കുമെന്നും പൃഥ്വിരാജിന്റെ അവസ്ഥ മറന്നോ എന്നെല്ലാമായിരുന്നു വിമര്‍ശനങ്ങള്‍.
കഴിഞ്ഞദിവസം വിസ്മയ ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോഴത്തെ ചര്‍ച്ച. അഭിമുഖത്തിനിടെ തുടക്കത്തില്‍ തനിക്ക് മറ്റൊരാളാണ് ഡബ്ബ് ചെയ്തതെന്നും തന്റെ മലയാളം അത്ര നല്ലതല്ലെന്നും വിസ്മയ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ചില സംഘപരിവാര്‍ അനുകൂല പേജുകള്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. വിസ്മയക്ക് മലയാളം അറിയാത്തത് വലിയ തെറ്റാണെന്നാണ് ഇക്കൂട്ടരുടെ വാദം.
മലയാളത്തിന്റെ മഹാനടന്റെ മകള്‍ക്ക് മലയാളം അറിയില്ലെന്നാണ് എക്‌സില്‍ ധീരജ് എന്ന പേജ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ‘മലയാളം അറിയില്ല, ഡബ്ബ് ചെയ്യാനറിയില്ല. പക്ഷേ ഞങ്ങളുടെ കുടുംബ ബിസിനസ് വിജയപ്പിക്കാന്‍ കൂടെ നില്‍ക്കണേ… മെഹാനടന്റെ മകള്‍’ എന്നാണ് പോസ്റ്റ്. ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് ധീരജിന്റെ പേജില്‍ അധികവും.
പോസ്റ്റിനെ എതിര്‍ത്തുകൊണ്ടാണ് എല്ലാ കമന്റുകളും. വിസ്മയ ബി.ജെ.പി അനുഭാവിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടില്ലായിരുന്നെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ വേട്ടയാടുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെടുന്നു. മലയാളസിനിമയില്‍ അഭിനയിച്ച ഭൂരിഭാഗം നടിമാരും മലയാളം അറിയാത്തവരാണെന്നും അതിനാല്‍ വിസ്മയയുടേത് ഒരു കുറവല്ലെന്നും കമന്റുകളുണ്ട്.
ഫേസ്ബുക്കില്‍ എന്തും പറയാം എന്ന പേജും വിസ്മയയെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘മലയാളം കുരച്ച് കുരച്ച് അറിയാം, ഇതുപോലെ പത്ത് ഇന്റര്‍വ്യൂ കൊടുത്താല്‍ ആദ്യദിവസം തന്നെ പടം പൊട്ടിക്കോളും’ എന്നൊക്കെയാണ് ഈ പോസ്റ്റിലുള്ളത്. വിസ്മയയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍ തന്നെയാണ് ഈ പോസ്റ്റിനും ലഭിക്കുന്നത്.