ഗാന്ധിയും പട്ടേലും പാടിയ അതേ വന്ദേമാതരമാണ് ഞാൻ പാടിയത്; അത് അപമാനിക്കലെങ്കിൽ അവർക്കെതിരെയും കേസ് കൊടുക്കൂ: ഖാർഗെ
India
ഗാന്ധിയും പട്ടേലും പാടിയ അതേ വന്ദേമാതരമാണ് ഞാൻ പാടിയത്; അത് അപമാനിക്കലെങ്കിൽ അവർക്കെതിരെയും കേസ് കൊടുക്കൂ: ഖാർഗെ
റെന്വര്‍ പി
Tuesday, 18th August 2026, 11:25 pm

പനാജി: ഇന്നലെ (ഓഗസ്റ്റ് 17, തിങ്കൾ) ഗോവയിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ. ഖാർഗെ വന്ദേമാതരത്തിന്റെ അപൂർണമായ പതിപ്പാണ് ആലപിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. കാലാകലങ്ങളായി ആലപിക്കുന്നതും ഗാന്ധിയും നെഹ്റുവും സർദാർ പട്ടേലും അടക്കമുള്ളവർ ആലപിച്ചിരുന്നതുമായ വന്ദേ മാതരമാണ് താൻ പാടിയതെന്ന് ഖാർഗെ പറഞ്ഞു.

അപൂർണമായ വന്ദേമാതരം പാടിയെന്ന് പറഞ്ഞ് തനിക്കെതിരെ കേസെടുക്കുകയാണെങ്കിൽ ഗാന്ധിജിക്കും നെഹ്‌റുവിനും വല്ലഭായ് പട്ടേലിനും എതിരെ കേസെടുക്കൂവെന്നും ഖാർഗെ പറഞ്ഞു. കഴിഞ്ഞ 80 വർഷമായി ഇത്തരത്തിലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും അത് തന്നെയാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ആലപിച്ച ‘വന്ദേമാതരം’ ആണ് ഞാൻ പാടിയത്. വല്ലഭ്‌ഭായ് പട്ടേലും അടൽ ബിഹാരി വാജ്‌പേയിയും ആലപിച്ച അതേ വന്ദേമാതരം. അതാണ് കുറ്റമെങ്കിൽ ഗാന്ധിജിക്കും നെഹ്‌റുവിനും വല്ലഭ്‌ഭായ് പട്ടേലിനും എതിരെ കേസെടുക്കൂ,’ ഖാർഗെ പറഞ്ഞു. ‘കഴിഞ്ഞ 80 വർഷമായി ചെയ്തു വരുന്നത് തന്നെയാണ് ഞാൻ ചെയ്തത്,’ ഖാർഗെ കൂട്ടിച്ചേർത്തു.

ദേശീയ ഗാനവും ദേശീയ ഗീതവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ചരിത്രപരമായ തീരുമാനങ്ങളെക്കുറിച്ചൊന്നും ബി.ജെ.പിക്ക് ധാരണയില്ലെന്നും ഖാർഗെ പറഞ്ഞു. ‘അവർ ജനിക്കുന്നതിനു മുമ്പ് തന്നെ, ദേശീയ ഗാനവും ദേശീയ ഗീതവും സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്ന കാര്യം അവർക്കറിയില്ല,’ ഖാർഗെ പറഞ്ഞു.

ഗോവയിൽ ഇന്നലെ നടന്ന കോൺഗ്രസ് പൊതുയോഗത്തിൽ വന്ദേ മാതരത്തിന്റെ രണ്ട് ഈരടികളായിരുന്നു ആലപിച്ചിരുന്നത്. ഇത്തവണ ദൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര ദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് ഈരടികൾ ആലപിച്ചിരുന്നു. സ്വാതന്ത്ര ദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് ഈരടികൾ ആലപിക്കുന്നതിനിടക്ക് ഖാർഗെയും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗാനത്തെ അപമാനിച്ചെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

ഇന്നലെ നടന്ന കോൺഗ്രസ് പൊതുയോഗത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ വിമർശനങ്ങളും ഖാർഗെ ഉന്നയിച്ചിരുന്നു. അവരുടെ നേതാക്കളാരെങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായിരുന്നോ എന്നും അവരാണ് തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും ഖാർഗെ പറഞ്ഞിരുന്നു.

‘ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്? രാജ്യത്തിനായി പോരാടിയ ഏതെങ്കിലും ആർ.എസ്.എസ് അംഗമുണ്ടോ? എന്നിട്ട് അവർക്ക് ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കണം.

അവർ പറയുന്നു ഞങ്ങൾ രാജ്യത്തിന് എതിരാണെന്ന്. ഞങ്ങൾ ഇന്ത്യാവിരദ്ധരെന്ന് അവർ പറയുന്നു. അവരാണ് ഇന്ത്യാ വിരുദ്ധർ,’ ഗോവയിലെ പൊതുയോഗത്തിൽ ഖാർഗെ പറഞ്ഞു.

ഇന്നലെ ഗോവയിലെ ഡാബോലിം വിമാനത്താവളത്തിൽ നിന്ന് വെർണയിലെ സമ്മേളന വേദിയിലേക്കുള്ള യാത്രക്കിടെ ഖാർഗെയുടെ വാഹനം തടയാൻ ബി.ജെ.പിയുടെ യുവജന വിഭാഗം ശ്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വാതന്ത്ര്യ ദിന ചടങ്ങിൽ വന്ദേ മാതരത്തെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ഈ നടപടി.

വിമാനത്താവളത്തിന് സമീപം വച്ചായിരുന്നു ബി.ജെ.പി പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചത്. പൊലീസ് ഇടപെടലിനെ തുടർന്ന് ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. കരിങ്കൊടിയുമായാണ് ബി.ജെ.പി പ്രവർത്തകർ തന്റെ വാഹനം തടയാനെത്തിയതെന്ന് ഖാർഗെ പൊതുയോഗത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു.

Content Highlight: Sang same ‘Vande Mataram’ as followed by national leaders: Mallikarjun Kharge on Allegations of BJP

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.