മലയാളികളുടെ പ്രിയ നായികമാരിലൊരാളാണ് സംവൃത സുനിൽ. ലാൽ ജോസ് ചിത്രമായ രസികനിലൂടെയായിരുന്നു താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു സംവൃത. കൈനിറയെ സിനിമകളുമായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. പിന്നീട് സിനിമയിൽ അതികം സജീവമാകാതിരുന്ന താരം തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ഇപ്പോളിതാ താരം പണ്ട് അമൃത ചാനലിന് നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമയിൽ വേണ്ടത്ര വിജയം നേടാതെ വന്ന സമയം പലരും താനൊരു അൺലക്കി പേഴ്സൺ ആണെന്ന് പറയുകയും ആ പറഞ്ഞവർ തന്നെ പിന്നീട് തന്റെ സിനിമകൾ ഹിറ്റ് ആയപ്പോൾ താൻ മലയാള സിനിമയുടെ ഭാഗ്യമാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് സംവൃത പറയുന്നു.
‘എന്റെ കരിയർ ഗ്രാഫ് വളരെ സ്ലോ ആയിട്ടാണ് മുന്നോട്ട് പോകുന്നത്. കാരണം എനിക്ക് തോന്നുന്നു രസികൻ ചെയ്ത് കഴിഞ്ഞിട്ട് ആ കുറച്ചു നാളുകൾ എനിക്ക് പറയത്തക്ക ഒരു സക്ക്സസ് ഉണ്ടായിരുന്നില്ല.
ഒരുപാട് സിനിമകൾ ആ ഇടയ്ക്ക് ചെയ്തെങ്കിലും ഒന്നും ഒരു നല്ല ക്യാരക്ടർ ചെയ്യാൻ കഴിഞ്ഞില്ല. രസികൻ കഴിഞ്ഞ് ഞാൻ ചെയ്ത മിക്ക സിനിമകളിലും ചെറിയ ചെറിയ ക്യാരക്ടർ റോളുകളായിരുന്നു. 2007ലാണ് ഞാൻ കരിയറിലെ ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകുന്നത്. അതായത് ചോക്ലേറ്റും, അറബി കടലും ഹെലോയും എല്ലാം എനിക്ക് ലഭിച്ചത് ആ വർഷമാണ്.
അങ്ങനെ പതുക്കെ പതുക്കെ ഉള്ള ഒരു ഗ്രാഫ് ആണ് എന്റേത്. ഈ വർഷങ്ങളിൽ മാനസികമായി ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. ആളുകൾക്ക് എന്നെ തിരിച്ചറിയാം പച്ച പനം തത്തെ എന്ന ഗാനത്തിലൂടെയാണ് ഒരു വിധം ആളുകൾ തിരിച്ചറിഞ്ഞത്.
അത് വരെ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മനസുകൊണ്ട് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമോ ഐഡന്റിറ്റിയോ ലഭിച്ചിരുന്നില്ല. എന്നോട് നേരിട്ട് ആരും പറഞ്ഞില്ലെങ്കിലും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് ‘അയ്യോ ആ കുട്ടിയെ കാസ്റ്റ് ചെയ്യണ്ട കേട്ടോ, അത് അൺലക്കി ആണ്’ എന്ന്. അതേ ആളുകൾ തന്നെ കഴിഞ്ഞ വർഷം കുറച്ച് ഹിറ്റ് സിനിമകൾ എനിക്ക് ലഭിച്ചപ്പോൾ മലയാള സിനിമയുടെ ഭാഗ്യമാണ് ഞാൻ എന്ന് പറഞ്ഞിട്ടുമുണ്ട്,’ സംവൃത പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.