‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സാവിത്രി ശ്രീധരൻ. നടിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് ചിത്രത്തിലെ സുഡുവായി എത്തിയ നൈജീരിയൻ താരം സാമുവൽ അബിയോള റോബിൻസൺ.

നടൻ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. സിനിമയിൽ ജമീലയും സുഡുവും തമ്മിലുള്ള അമ്മയും മകനും പോലെയുള്ള ബന്ധം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറത്തും സാവിത്രി അതേ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയിരുന്നതെന്നും സാമുവൽ ഓർക്കുന്നു.

സാവിത്രി ശ്രീധരൻ, സുഡാനി ഫ്രം നൈജീരിയ. Photo. Screen Grab/ Youtube

 

‘സുഡാനി ഫ്രം നൈജീരിയ’യുടെ ചിത്രീകരണം 2017ലായിരുന്നു. അന്ന് തനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു അവർക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. എങ്കിലും എല്ലാ ദിവസവും താൻ ഭക്ഷണം കഴിച്ചോ, വിശക്കുന്നുണ്ടോ എന്നൊക്കെ അവർ അന്വേഷിക്കുമായിരുന്നു. ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പ്രൊഡ്യൂസറോടോ പ്രൊഡക്ഷൻ മാനേജരോടോ പറഞ്ഞ് തനിക്ക് ഭക്ഷണം നൽകാൻ അവർ ശ്രദ്ധിക്കുമായിരുന്നുവെന്നും സാമുവൽ പറഞ്ഞു. സിനിമയിൽ സാവിത്രി അവതരിപ്പിച്ച ജമീല സുഡുവിനോട് എങ്ങനെയാണോ സ്നേഹത്തോടെ പെരുമാറിയത്, യഥാർഥ ജീവിതത്തിലും അവർ അങ്ങനെ തന്നെയായിരുന്നു,’ സാമുവൽ ഓർത്തെടുത്തു.

സാവിത്രിയുടെ മരണവാർത്ത താൻ അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിലൂടെയാണെന്നും സാമുവൽ പറഞ്ഞു. ആദ്യം എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. വാർത്ത അറിഞ്ഞപ്പോൾ താൻ പൂർണമായും തകർന്നുപോയി. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും സാമുവൽ പറഞ്ഞു. ഇത് ലോകത്തിന് തന്നെയുള്ള ഒരു വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അവർക്ക് നല്ലതും പൂർണവുമായ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നുവെന്നും സാമുവൽ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകാനും ലഭിക്കുന്ന സ്നേഹം നേരിട്ട് കാണാനും അവർക്ക് കഴിഞ്ഞു. ഇപ്പോൾ അവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ തനിക്ക് സന്തോഷമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇപ്പോൾ അവർ സ്വർഗത്തിൽ ഒരു മാലാഖയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ആളുകൾ അവരോട് കാണിക്കുന്ന സ്നേഹം അവിടെനിന്ന് അവർ കാണുന്നുണ്ടാകുമെന്ന് എനിക്ക് അറിയാം. അവർ സമാധാനത്തോടെ വിശ്രമിക്കട്ടെ,’ സാമുവൽ പറഞ്ഞു.

സുഡാനി ഫ്രം നൈജീരിയ. Photo. IMDb

സാവിത്രിയെ ഒരിക്കലും മറക്കരുതെന്നും അവർ നൽകിയ മനോഹരമായ കഥാപാത്രങ്ങളും സിനിമകളും എന്നും ഓർത്തിരിക്കണമെന്നും സാമുവൽ പറഞ്ഞു. അവരുടെ മികച്ച അഭിനയം അനുഭവിക്കാൻ കഴിഞ്ഞ ഒരു തലമുറയിൽ ജീവിക്കാനായത് തങ്ങളുടെ ഭാഗ്യമാണെന്നും സാവിത്രിയുടെ ഓർമ പങ്കുവെച്ചുകൊണ്ട് സാമുവൽ പറഞ്ഞു.

Content Highlights: Samuel shares his memories of actress Savitri