ലണ്ടന്‍: പാറ്റന്റ് തര്‍ക്കത്തില്‍ ആപ്പിളിനെതിരെ സാംസങ് ഇലക്ട്രോണിക്‌സിന് വിജയം. ആപ്പിള്‍ ഐ പാഡ് ഡിസൈനിന്റെ പാറ്റന്റ് ലംഘിച്ചല്ല സാംസങ് ഗ്യാലക്‌സി ടാബ്‌ലറ്റുകള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കോടതി കണ്ടെത്തി. ഇവ രണ്ടും തമ്മില്‍ സാമ്യമില്ലെന്നും ഹൈക്കോടതി ജഡ്ജി വിധിന്യായത്തില്‍ പറയുന്നു.
തിങ്കളാഴ്ച ഹൈക്കോടതി ജഡ്ജി കോളിന്‍ ബിര്‍സാണ് കേസ് പരിഗണിച്ചത്. മുന്‍ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ സാംസങ് ഗ്യാലക്‌സിയും ആപ്പിളും ഒരേ കുടുംബത്തിലേതാണെന്ന് തോന്നും. എന്നാല്‍ സാംസങ് ഉല്പന്നങ്ങള്‍ വളരെ മെലിഞ്ഞതാണ്. ആപ്പിള്‍ ഡിസൈനുകള്‍ അവകാശപ്പെടുന്ന ലാളിത്യം സാംസങ്ങിനില്ല. കൂടാതെ ഇരുവരെക്കുറിച്ചും മൊത്തത്തിലുള്ള അഭിപ്രായം വ്യത്യസ്തമാണെന്നും ജഡ്ജി പറഞ്ഞു.
കേസിനെ തുടര്‍ന്ന് സാംസങ് ഗ്യാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞദിവസം യു.എസ് അപ്പീല്‍ കോടതി പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ വിധിയും വന്നിരിക്കുന്നത്. പേറ്റന്റ് തര്‍ക്കത്തില്‍ 10 രാജ്യങ്ങളില്‍ ആപ്പിളും സാംസങ്ങും തമ്മില്‍ നിയമയുദ്ധം നടക്കുന്നുണ്ട്.
ബ്രിട്ടീഷ് ഹൈക്കോടതി വിധിയെ സാംസങ് സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളിലും നിയമയുദ്ധം തുടരുമെന്ന് സാംസങ് പറഞ്ഞു. വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആപ്പിള്‍ പറഞ്ഞു.
