thaseer

റാവല്‍പിണ്ടി: രാജ്യത്തെ മതനിന്ദാ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. ആദിയാല ജയിലില്‍ പുലര്‍ച്ചെ മുംതാസ് ഖാദിരി എന്നയാളുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. 2011ല്‍ ഇസ്‌ലാമാബാദില്‍ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥനായ ഖാദിരി സല്‍മാന്‍ തസീറിനെ വെടിവെച്ച് കൊന്നത്.

ഖുര്‍ആനെ നിന്ദിച്ചെന്നാരോപിച്ച് ആസിയ ബീവി എന്ന ക്രിസ്ത്യന്‍ സ്ത്രീയെ മതാനിന്ദാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സല്‍മാന്‍ രംഗത്തു വരികയും പാകിസ്താനിലെ മതനിന്ദാനിയം പരിഷ്‌കരിക്കാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു. ഗവര്‍ണറെ കൊന്നത് തന്റെ മതപരമായ ബാധ്യതയായിരുന്നെന്ന് ഖാദിരി പറഞ്ഞിരുന്നു.

മുംതാസ് ഖാദിരിയുടെ നടപടിയെ പിന്തുണച്ച് ചില മതമൗലികവാദ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റോസാ പുഷ്പങ്ങള്‍ വിതറിയാണ് സംഘടനകള്‍ ഖാദിരിയെ സ്വീകരിച്ചത്.

ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം പാകിസ്ഥാനില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാവായിരുന്നു തല്‍മാന്‍ തന്‍സീര്‍. സല്‍മാന്‍ തസീര്‍ വധിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ ഷബഹാസ് തസീറിനെ അഞ്ജാതര്‍ ലാഹോറില്‍ വെച്ച് തട്ടിക്കൊണ്ട് പോയിരുന്നു. ഷഹബാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.