മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. കുറഞ്ഞ സിനിമകളിലൂടെയാണ് അദ്ദേഹം മികച്ച സംവിധായകനായി മാറിയത്. ജീത്തു ജോസഫിന്റെ മേക്കിങ് സെന്‍സ് പുതിയതാണെന്ന് തോന്നിയത് ഏത് സിനിമ കണ്ടപ്പോഴാണ് എന്ന് പറയുകയാണ് നടന്‍ സൈജു കുറുപ്പ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം-ത്രില്ലര്‍ ചിത്രമായ മെമ്മറീസിനെ കുറിച്ചാണ് സൈജു പറഞ്ഞത്.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ മെമ്മറീസ് മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഈ സിനിമയില്‍ വണ്ടിയുടെ ഉള്ളിലൂടെ ക്യാമറ പോയിട്ടുള്ള ഒരു സീന്‍ കണ്ടാണ് ജീത്തു ജോസഫിന്റെ മേക്കിങ് സെന്‍സ് പുതിയതാണെന്ന് തോന്നിയതെന്ന് സൈജു കുറുപ്പ് പറയുന്നു. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീത്തു സാറിന്റെ മെമ്മറീസ് സിനിമയില്‍ ഒരു സീനുണ്ട്. അത് വണ്ടിയുടെ ഉള്ളിലൂടെ ക്യാമറ പോയിട്ടുള്ള ഒരു സീനായിരുന്നു. അന്ന് തിയേറ്ററില്‍ കണ്ടപ്പോള്‍ ആ സീന്‍ എനിക്ക് വലിയ സംഭവമായി ഫീല്‍ ചെയ്തിരുന്നു. പക്ഷെ പിന്നെ എപ്പോഴോ അത് ഗ്രാഫിക്സ് വല്ലതും ആയിരിക്കാമെന്ന് ഞാന്‍ ഊഹിച്ചു.

ജീത്തു സാറിന്റെ മേക്കിങ് സെന്‍സ് പുതിയതാണ് എന്ന് തോന്നിയത് മെമ്മറീസ് കണ്ടപ്പോഴാണ്. അതിന് മുമ്പ് ഇറങ്ങിയ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷെ മെമ്മറീസിലെ ആ ഷോട്ട് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talks About Jeethu Joseph