ഫുട്ബോള്‍ കരിയറില്‍ തന്റെ സഹതാരങ്ങളായിരുന്നവരില്‍ മികച്ച ഫിനിഷറെ തെരഞ്ഞടുത്തിരിക്കുകയാണ് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ടിക് ടോകില്‍ വണ്‍ ടീം സ്പോര്‍ടിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കരിയറില്‍ കൂടെ കളിച്ചിട്ടുള്ള താരങ്ങളില്‍ ബെസ്റ്റ് ഫിനിഷര്‍ ആരാണെന്ന ചോദ്യത്തിന് മാനെ ഡിവോക്ക് ഒറിജി എന്നാണ് മറുപടി നല്‍കിയത്. കളത്തിനകത്തും പുറത്തും ഒറിജി ഇതിഹാസമാണെന്നും അദ്ദേഹമൊരു വേള്‍ഡ് ക്ലാസ് സ്ട്രൈക്കറും ബെസ്റ്റ് ഫിനിഷറുമാണെന്നും മാനെ പറഞ്ഞു.

ലിവര്‍പൂളിന് വേണ്ടി ബൂട്ടുകെട്ടുന്ന സമയത്ത് ഒറിജി ബാഴ്സലോണക്കെതിരെ നേടിയ ഗോള്‍ ആരാധക പ്രശംസ നേടിയിരുന്നു. ലിവര്‍പൂളിനായി കളിച്ച 175 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളാണ് ഒറിജി അക്കൗണ്ടിലാക്കിയത്. നിലവില്‍ എ.സി. മിലാന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.
അതേസമയം, അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കഴിഞ്ഞ ദിവസം സെനഗല്‍ ബ്രസീലുമായി ഏറ്റുമുട്ടിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെനഗലിനായിരുന്നു ജയം. സൂപ്പര്‍താരം സാദിയോ മാനെയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ സെനഗല്‍ ജയമുറപ്പിക്കുകയായിരുന്നു.
Senegal stun Brazil in friendly 😯 pic.twitter.com/TxlfehikQ8
— 433 (@433) June 20, 2023
മത്സരത്തിന് ശേഷം നിരവധി പേരാണ് മാനെയെ പ്രശംസിച്ച് രംഗത്തെത്തിയത്. സൂപ്പര്‍താരം സാദിയോ മാനെയുടെ ചിറകിലേറിയാണ് സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചു.
എന്നാല്‍ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി വലത് കാലിനേറ്റ പരിക്ക് കാരണം മാനെക്ക് ലോകകപ്പ് നഷ്ടമായിരുന്നു. തുടര്‍ന്ന് താരം സര്‍ജറിക്ക് വിധേനയാവുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു. വരാനിരിക്കുന്ന ആഫ്രിക്ക നേഷന്‍സ് കപ്പില്‍ പഴയ പ്രകടനം പുറത്തെടുത്ത് മാനെക്ക് ഒരിക്കല്‍ കൂടി കിരീടം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Sadio Mane praises Belgium player Divock Origi
