ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് കെ.പി.എം.എസ്
Kerala
ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് കെ.പി.എം.എസ്
രാഗേന്ദു. പി.ആര്‍
Tuesday, 17th February 2026, 10:49 am

കൊട്ടിയം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുതെന്ന് കെ.പി.എം.എസ്. പുരോഗമന ആശയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

കെ.പി.എം.എസ് ചാത്തന്നൂര്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശബരിമലയിലെ യുവതീപ്രവേശനം അധികാരത്തിന്റെ പ്രശ്‌നമാണെന്നും ‘Yes or No’ ആവശ്യപ്പെട്ട് അവര്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

സ്ത്രീപുരുഷ സമത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ നിന്നും പുരോഗമന ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുത്. സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ്. ചോദ്യങ്ങളില്‍ ഉത്തരം പറയാന്‍ കഴിയുന്നില്ല. അത് വോട്ടിന്റെയും സീറ്റിന്റെയും പ്രശ്‌നമാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തങ്ങളെ സംബന്ധിച്ച് ഇത് അധികാരത്തിന്റെ പ്രശ്‌നമല്ല, സാമൂഹിക പരിഷ്‌കരണത്തിന്റെ പ്രശ്‌നമാണെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

അതേസമയം ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

പാര്‍ട്ടിയെ സംബന്ധിച്ച് എല്ലാ കാലത്തും മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ അത് സാമൂഹികമായ എല്ലാ വിഭാഗങ്ങളെയും ബോധ്യപ്പെടുത്തിക്കൊണ്ടാകണം ചെയ്യേണ്ടതെന്നും എം.എ. ബേബി പറഞ്ഞു.

നിലപാട് പറയാന്‍ സമയമായിട്ടില്ലെന്നാണ് ദേവസ്വം പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം.അതേസമയം ശബരിമലയിലെ യുവതീപ്രവേശന ഹരജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും.

ഹരജിക്കാര്‍ക്ക് മൂന്ന് ദിവസമാണ് വാദിക്കാന്‍ കഴിയുക. പുനപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാം. ഏപ്രില്‍ 21ന് അമിക്കസ് ക്യൂറിയും വാദിക്കും. ഏപ്രില്‍ 22ന് വാദം, പൂര്‍ത്തിയാകും.

Content Highlight: Sabarimala women’s entry; KPMS urges government not to back down from decision

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.