ശബരിമല: യുവതിയെത്തിയെന്ന് ആരോപിച്ച് വലിയ നടപ്പന്തലില്‍ സംഘര്‍ഷം. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയെയാണ്  ശരണം വിളിയുമായെത്തിയ ഭക്തരെന്ന് അവകാശപ്പെട്ട് എത്തിയ നൂറോളം പേര്‍ തടഞ്ഞു വെച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം ഒരു സ്ത്രീയും എത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്.

പൊലീസെത്തി ഇവരുടെ രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസിന് മുകളിലുണ്ടെന്ന് അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് ഇടപെട്ട് സത്രീയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സ്ത്രീയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. തുടര്‍ന്നാണ്  ഇവര്‍ക്ക് 52 വയസുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Read Also : ശബരിമല: പൊലീസ് മര്‍ദ്ദിക്കുന്നതായി അഭിനയിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവത്തകന്‍ അറസ്റ്റില്‍; കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്

നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പം ചേര്‍ത്തലയില്‍ നിന്നെത്തിയ അഞ്ജു എന്ന യുവതിയെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിയത്.

ഇന്നലെ വൈകീട്ടോടെ പമ്പയില്‍ എത്തിയ യുവതി ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.