ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ഫിഷറിനെ പുതിയ നിക്ഷേപങ്ങള്‍ വഴിമാത്രമേ  കരകയറ്റാനാവൂ  എന്ന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കമ്പനിയെ പഴയരൂപത്തില്‍ എത്തിക്കണമെങ്കില്‍ പുതിയ നിക്ഷേപം വന്നേ തീരൂ എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു.

ഏതാണ്ട് ആയിരംകോടി രൂപയോളമാണ് നിലവില്‍ കിങ്ഫിഷറിന്റെ കടം. ഇനിയെങ്കിലും സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാന്‍ കമ്പനി ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാര്‍ക്ക് കിങ്ഫിഷറിലുള്ള വിശ്വാസം നഷ്ടമാകാന്‍ ഇടവരുത്തും. വിമാനസര്‍വീസുകള്‍ കുറയ്ക്കാതെ തന്നെ നഷ്ടം നികത്താനുള്ള വഴി ആലോചിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2000 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം നല്‍കാന്‍ കഴിഞ്ഞ ദിവസം കിങ്ഫിഷര്‍ എസ്.ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 1000 കോടി രൂപയെങ്കിലും കമ്പനിയില്‍ ആദ്യം നിക്ഷേപിക്കണമെന്നായിരുന്നു എസ്.ബി.ഐയുടെ പ്രതികരണം.

നിലവില്‍ കിങ്ഫിഷര്‍ 1400 കോടി രൂപ എസ്.ബി.ഐയ്ക്ക് നല്‍കാനുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 700 കോടിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 500 കോടി രൂപയോളവുമാണ് കിങ്ഫിഷര്‍ നല്‍കാനുള്ളത്.