plane-russsia-668
വാഷിങ്ടണ്‍: റഷ്യ സിറിയയില്‍ പട്ടാളത്തെ വിന്യസിക്കുന്നതായി യു.എസ് സൈനികോദ്യോഗസ്ഥര്‍. സിറിയയിലെ വ്യോമയാന മേഖലയില്‍ നിരവധി പട്ടാളക്കാരെയും ഏഴു ടാങ്കുകളെയും റഷ്യ വിന്യസിച്ചുവെന്നാണ് പേരു വെളിപ്പെടുത്താത്ത യു.എസ് സൈനികോദ്യോഗസ്ഥന്‍  പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് റഷ്യ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

“സിറിയയുടെ മെഡിറ്ററേനിയന്‍ തീരമായ ലടാക്കിയയിലെ വ്യോമയാന മേഖലയില്‍ റഷ്യയുടെ ഏഴ് T-90 ടാങ്കുകളെത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ വിന്യസിച്ച റഷ്യന്‍ സൈനികര്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സിറിയയില്‍ റഷ്യ സൈനികനീക്കം നടത്തുന്നുണ്ട്” യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സിറിയയിലേക്ക് ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായി തങ്ങള്‍ രണ്ട് യാത്രാ വിമാനങ്ങള്‍ അയച്ചിരുന്നു എന്ന് റഷ്യ വെളിപ്പെടുത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയുടെ ഈ നീക്കം സിറിയയില്‍ ഐ.എസിനെതിരെ തങ്ങള്‍ നയിക്കുന്ന വ്യോമാക്രമണത്തെ പ്രതികൂലമായി ബാധിക്കമെന്നാണ് യു.എസ് ആശങ്കപ്പെടുന്നത്. വിമത പോരാളികള്‍ക്കെതിരെ റഷ്യ വ്യോമയുദ്ധം നടത്തുകയാണെങ്കില്‍ സഖ്യശക്തിയുടെ പോര്‍വിമാനങ്ങളുമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞയാഴ്ച റഷ്യന്‍ നാവികസേനയുടെ ആറോളം യുദ്ധക്കപ്പലുകളും സിറിയന്‍ തീരത്തടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ ഇപ്പോള്‍ നടത്തുന്ന സൈനികനീക്കം പ്രദേശത്തെ അസന്തുലിതാവസ്ഥ വര്‍ദ്ധിക്കാനേ കാരണമാകൂ എന്നും യു.എസ് സൈനികോദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഒപ്പം ബഷര്‍ അല്‍ അസദിനെ റഷ്യ സഹായിക്കുന്നതിനും സഖ്യശക്തി എതിരാണ്.

സിറിയയില്‍ ഗവണ്‍മെന്റും വിമതരും തമ്മില്‍ 2011 മുതല്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ 240,000ലധികം പേര്‍ കൊല്ലപ്പട്ടതായാണ് കണക്കാക്കുന്നത്. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളും വിമതരും ഐ.എസ് തീവ്രവാദികളും കയ്യടക്കിയിരിക്കുകയുമാണ്. ഇതിനിടെ സിറിയയില്‍ നിന്നും ജനങ്ങള്‍ പാലായനം ചെയ്യുന്നതും തുടരുകയാണ്.