പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തൂത്തെറിയാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ജയിലര്‍ 2നെ പലരും വിശേഷിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഒരിക്കല്‍ കൂടി മുത്തുവേല്‍ പാണ്ഡ്യനായെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു.

ഹൈപ്പിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ജയിലര്‍ 2 അഡ്വാന്‍സ് ബുക്കിങ്ങിലും ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. അധികം ചലനമൊന്നുമുണ്ടാക്കാതെ പോയ പ്രീ സെയില്‍ കേരള ബുക്കിങ് ആരംഭിച്ചതോടെ ഇരട്ടിയായി കുതിച്ചു. മണിക്കൂറില്‍ 70000ന് മുകളില്‍ ടിക്കറ്റുകളാണ് ഇന്ന് ബുക്ക്‌മൈഷോ വഴി വിറ്റുപോയത്.

ചിത്രത്തില്‍ രജിനികാന്തിന്റെ എന്‍ട്രി പോലെ പലരും കാത്തിരിക്കുന്ന ഒന്നാണ് കാമിയോകള്‍. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലടക്കം ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളും ജയിലര്‍ 2ല്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ട്രെയ്‌ലറില്‍ ഒരൊറ്റ ഷോട്ട് കൊണ്ട് മോഹന്‍ലാല്‍ സീന്‍ തൂക്കിയെങ്കിലും സിനിമയില്‍ ഏറ്റവുമധികം കൈയടി കിട്ടാന്‍ പോകുന്നത് മറ്റൊരാള്‍ക്കാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യഭാഗത്തില്‍ വെറുമൊരു ടിഷ്യു പേപ്പര്‍ ബോക്‌സ് കൊണ്ട് മാസിന്റെ എക്‌സ്ട്രീം കാണിച്ച ശിവണ്ണയാകും ജയിലര്‍ 2ല്‍ ഏറ്റവുമധികം കൈയടി നേടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈമും ഇത്തവണ നരസിംഹക്കുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുത്തുവേല്‍ പാണ്ഡ്യനൊപ്പം നരസിംഹനും ഇത്തവണ കട്ടക്ക് സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പാണ്.

ശിവ രാജ്കുമാര്‍ Photo: Screen grab/ Sun TV

ട്രെയ്‌ലറില്‍ ശിവരാജ്കുമാറിന്റെ ഒരൊറ്റ ഷോട്ട് മാത്രമേ ഉള്ളുവെങ്കിലും സിനിമയില്‍ താരത്തിന്റെ സീന്‍ പ്ലെയ്‌സ്‌മെന്റ് നെല്‍സണ്‍ അറിഞ്ഞ് ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അനിരുദ്ധിന്റെ ഐക്കോണിക് ബി.ജി.എം കൂടിയാകുമ്പോള്‍ നരസിംഹന്‍ ഇത്തവണയും സീന്‍ തൂക്കിയിട്ടേ കളംവിടുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എല്ലാം അവസാനിച്ചെന്ന് കരുതുമ്പോള്‍ ബോളിവുഡില്‍ നിന്ന് സാക്ഷാല്‍ ഹൃതിക് റോഷനും കൂടി എത്തുന്നതോടെ ജയിലര്‍ 2 കൂടുതല്‍ ഗംഭീരമാകുമെന്ന് ഉറപ്പാണ്. വില്ലന്മാര്‍ ഡബിള്‍ സ്‌ട്രോങ്ങാകുമ്പോള്‍ നായകനും അയാളുടെ ടീമും ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന സൂചന നെല്‍സണ്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15ലെ ആദ്യ ഷോ ആരാധകര്‍ ആഘോഷമാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Shiva Rajkumar’s cameo will have more screen time in Jailer 2 movie