ഈ വര്‍ഷം പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സന്തോഷ് ട്രോഫി. ഗുരുവായൂരമ്പല നടയിലിന് ശേഷം പൃഥ്വിരാജും വിപിന്‍ ദാസും ഒന്നിക്കുന്ന ചിത്രം 2025ലാണ് അനൗണ്‍സ് ചെയ്തത്. പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങള്‍ അണിനിരക്കുന്നു എന്നായിരുന്നു സന്തോഷ് ട്രോഫിയെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്.

അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത പൃഥ്വിയുടെ കോമഡി ഏരിയ കുറച്ചൊക്കെ ഉപയോഗിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഈ ചിത്രത്തിന് ശേഷം പൃഥ്വിയെ വെച്ച് കംപ്ലീറ്റ് കോമഡി ചിത്രമൊരുക്കുന്നു എന്ന് അറിയിച്ച ശേഷം വിപിന്‍ ദാസ് അനൗണ്‍സ് ചെയ്ത പ്രൊജക്ടായിരുന്നു സന്തോഷ് ട്രോഫി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ സിനിമാലോകത്ത് ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒന്നിന് പിന്നാലെ ഒന്നായി നിരവധി സിനിമകള്‍ ചെയ്യാനുള്ളതിനാലാണ് പൃഥ്വി സന്തോഷ് ട്രോഫിയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൃഥ്വി പിന്മാറിയതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ നിവിന്‍ പോളിയെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിവിനും നിരവധി സിനിമകള്‍ ലൈനപ്പിലുള്ളതിനാല്‍ താരവും പിന്മാറി.

ഏറ്റവുമൊടുവില്‍ ജോമോന്‍ ജ്യോതിര്‍ ഈ പ്രൊജക്ടിലേക്കെത്തിയെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജോമോന്‍ ജ്യോതിര്‍. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തിയ ആശാനിലും ജോമോന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2ലും വെറുമൊരു ബാക്ക് ഷോട്ട് കൊണ്ട് മാസ് കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ജോമോന്‍ തെളിയിച്ചു.

സന്തോഷ് ട്രോഫിയില്‍ ലീഡ് റോള്‍ ചെയ്ത് തന്റെ കരിയര്‍ ഉയര്‍ത്താന്‍ ജോമോന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അധികം വൈകാതെ പുറത്തുവരും. കോമഡി സിനിമകള്‍ അത്രകണ്ട് വര്‍ക്കാകാത്ത കാലത്ത് തുടര്‍ച്ചയായി കോമഡി ചിത്രങ്ങളൊരുക്കി വിജയമാക്കുന്ന വിപിന്‍ ദാസ് സന്തോഷ് ട്രോഫിയിലും അത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം പൃഥ്വിയുടെ ആരാധകര്‍ ഈ പിന്മാറ്റത്തില്‍ നിരാശരാണ്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ സന്തോഷ് ട്രോഫി പോലൊരു കോമഡി ചിത്രം ഫാമിലി ഓഡിയന്‍സിനിടയില്‍ വര്‍ക്കാകുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഈ പിന്മാറ്റം ആരാധകരെയും ഞെട്ടിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ, നോബഡിയാണ് പൃഥ്വിയുടെ അടുത്ത റിലീസ്. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ ഓണം റിലീസായും പ്രേക്ഷകരിലേക്കെത്തും. രാജമൗലി അണിയിച്ചൊരുക്കുന്ന വാരണാസിയും പൃഥ്വിയുടെ ലൈനപ്പിലുണ്ട്.

Content Highlight: Rumors that Prithviraj opted out from Santhosh Trophy movie and Jomon Jyothir replaced

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ