അഭിനയജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഓരോ സിനിമയിലും തന്നിലെ നടനെ പരീക്ഷിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സിനിമാലോകത്തെ ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന പല ഷെയ്ഡുകളുള്ള കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുന്നതിലൂടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്.
മമ്മൂട്ടി Photo: Screen grab/ The Hollywood Reporter India
ചാത്തനായും സൈക്കോയായും പ്രതികാരദാഹിയായുമെല്ലാം തിരശ്ശീലയില്‍ വിസ്മയിപ്പിച്ച മമ്മൂട്ടി വീണ്ടും ഞെട്ടിക്കുമെന്ന സൂചന അടുത്തിടെ നല്‍കിയിരുന്നു. വാമ്പയറായി തന്നെ സങ്കല്പിച്ച് നോക്കിയിട്ടുണ്ടോ എന്ന് അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിനിടെ താരം ചോദിച്ചിരുന്നു. പേട്രിയറ്റിന്റെ പ്രസ്മീറ്റില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. യുവസംവിധായകനായ ഒരാളായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാപ്പെട എന്ന ചിത്രമൊരുക്കിയ കൃഷ്‌ണേന്ദു കലേഷിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ കൈയടി നേടിയ ചിത്രമായിരുന്നു പ്രാപ്പെട.
2021ല്‍ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കൃഷ്‌ണേന്ദു കലേഷ് സ്വന്തമാക്കിയിരുന്നു. രാജേഷ് മാധവനും കേതകി നാരായണനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം വ്യത്യസ്തമായ അനുഭവമായിരുന്നു സമ്മാനിച്ചത്. കൃഷ്‌ണേന്ദു കലേഷുമായി മമ്മൂട്ടി കൈകോര്‍ക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ടുശീലിച്ച വാമ്പയര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന മോളിവുഡില്‍ ഈ ചിത്രം ഒരു ബെഞ്ച്മാര്‍ക്കായി മാറുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സിനും ആരാധകര്‍ വെയ്റ്റിങ്ങാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാകും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പേട്രിയറ്റിന് ശേഷം മാസ് ആക്ഷന്‍ സിനിമകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. ഖാലിദ് റഹ്‌മാനുമായി കൈകോര്‍ക്കുന്ന മട്ടാഞ്ചേരി മാഫിയ, ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സുമായുള്ള ചിത്രം, നിതീഷ് സഹദേവുമായുള്ള പ്രൊജക്ട് എന്നിവ മാസ് ആക്ഷന്‍ ഴോണറിലുള്ളവയാണ്. അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Rumors that Mammootty joining hands with director of Prappeda movie