യുദ്ധവും ഇലക്ഷനും ജോര്‍ജുകുട്ടിയെയും ബാധിക്കുമോ? റിലീസ് ഡേറ്റ് മാറ്റിവെക്കാനൊരുങ്ങി ദൃശ്യം 3
Malayalam Cinema
യുദ്ധവും ഇലക്ഷനും ജോര്‍ജുകുട്ടിയെയും ബാധിക്കുമോ? റിലീസ് ഡേറ്റ് മാറ്റിവെക്കാനൊരുങ്ങി ദൃശ്യം 3
അമര്‍നാഥ് എം.
Wednesday, 18th March 2026, 12:00 pm

ഇറാന്‍- യു.എസ് യുദ്ധം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ ബേസുകളില്‍ ഇറാന്‍ ആക്രമണം നടത്തിയതോടെയാണ് യുദ്ധത്തിന്റെ വ്യാപ്തി അധികമായത്. ഈ യുദ്ധം ഇന്ത്യയെയും പ്രത്യേകിച്ച് സിനിമാമേഖലയെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ വലിയ മാര്‍ക്കറ്റുകളിലൊന്നായ ജി.സി.സി രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പല സിനിമകളെയും ബാധിച്ചു.

യഷ് നായകനായ ടോക്‌സിക് ജി.സി.സി രാജ്യങ്ങളിലെ യുദ്ധം കാരണം റിലീസ് മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 19ന് റിലീസാകേണ്ട ചിത്രം ജൂണ്‍ നാലിലേക്കാണ് മാറ്റിവെച്ചത്. മലയാള ചിത്രം ആട് 3യും റിലീസ് മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പറഞ്ഞ സമയത്ത് റിലീസാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മലയാള ചിത്രം ദൃശ്യം 3 റിലീസ് മാറ്റിവെച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജി.സി.സി രാജ്യങ്ങളിലെ അനിശ്ചിതത്വം ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കുമെന്നും അതിനാല്‍ റിലീസ് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലീസിന് ഇനി വെറും മൂന്നാഴ്ച ബാക്കിയുള്ളപ്പോള്‍ നിര്‍മാതാക്കള്‍ യാതൊരു പ്രൊമോഷനും നടത്താത്തത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ടെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുംം ദൃശ്യം 3യെ ബാധിക്കുമെന്നും ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. പ്രൊമോഷനും കാര്യങ്ങളുമെല്ലാം കുറക്കുന്നത് ഈയൊരു കാരണം കൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാതാക്കള്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല.

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസ് മാറ്റിവെക്കേണ്ടി വന്നാല്‍ അത് സമ്മര്‍ റിലീസിലെ മറ്റ് സിനിമകളെയും ബാധിച്ചേക്കും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റടക്കം പല സിനിമകളും ഏപ്രിലില്‍ റിലീസാകുന്നുണ്ട്. ദൃശ്യം 3 റിലീസ് മാറ്റിയാല്‍ ഈ സിനിമകള്‍ക്കെല്ലാം അതിന്റെ ഇഫക്ട് ലഭിക്കുമെന്ന് ഉറപ്പാണ്.

ഡിസംബറില്‍ റിലീസായ സര്‍വ്വം മായക്ക് ശേഷം തിയേറ്ററുകളില്‍ ആളെക്കയറ്റാന്‍ പാകത്തിനുള്ള മറ്റൊരു ചിത്രം ഇതുവരെ വന്നിട്ടില്ല. ആട് 3ക്ക് പ്രതീക്ഷിച്ച ബുക്കിങ് ഇതുവരെ ലഭിച്ചിട്ടുമില്ല. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2നും എത്രത്തോളം കളക്ട് ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതോടെ എല്ലാ കണ്ണുകളും ദൃശ്യം 3യിലേക്ക് നീണ്ടിരിക്കുകയാണ്.

അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള എല്ലാ സ്‌കോപ്പും ദൃശ്യം 3ക്കുണ്ട്. റിലീസിന് മുമ്പ് തന്നെ പ്രീ റിലീസ് ഡീലില്‍ റെക്കോഡ് നേടാനും ദൃശ്യം 3ക്ക് സാധിച്ചു. ചിത്രത്തിന്റെ തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ഏപ്രില്‍ രണ്ടിന് റിലീസ് പ്രഖ്യാപിച്ച ദൃശ്യം 3 പറഞ്ഞ സമയത്ത് പുറത്തിറങ്ങുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Drishyam 3 might change their release date due to Iran- U S War

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം