വിക്രമിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രം നീട്ടിവച്ചെന്ന വാര്‍ത്തകളെ തള്ളി സംവിധായകന്‍ ആര്‍.എസ് വിമല്‍. മഹാവീര്‍ കര്‍ണയിലേക്ക് അഭിനേതാക്കളെ ആവശ്യപ്പെട്ട് വ്യാജപരസ്യം നല്‍കി ചിലര്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നു എന്നാരോപിച്ച് വിമല്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു വിമലിന്റെ പ്രതികരണം.

ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവമായ പ്രചരണങ്ങളാണ്. ചിത്രം വളരെ നന്നായി മുന്നോട്ട് പോവുകയാണ്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് എനിക്കറിയില്ല. ഹൈദരാബാദില്‍ ഞങ്ങള്‍ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂളുകള്‍ എന്നാണ് ആരംഭിക്കേണ്ടത് എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് വിമല്‍ പറഞ്ഞു.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് വേണ്ടി നേപ്പാളില്‍ ലൊക്കേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ബിമല്‍ തിരുവനന്തപുരത്ത് എത്തിയത്. ചിത്രത്തില്‍ അണിനിരക്കുന്ന താരങ്ങളുടെ വിവരങ്ങളുമായി ഒരു ടീസര്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്. എന്നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിമല്‍ പറഞ്ഞു.