ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരെ ദല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി20 മത്സരത്തിലും മോശം ഫോം തുടര്‍ന്നതോടെ ഋഷഭ് പന്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു വിധേയമാകുന്നു. കൂറ്റനടികള്‍ക്കു പേരുകേട്ട പന്ത് ഈ മത്സരത്തില്‍ നേടിയത് 26 ബോളുകളില്‍ നിന്ന് 27 റണ്‍സ് മാത്രമാണ്. മാത്രമല്ല, ബംഗ്ലാദേശിന്റെ വിജയശില്‍പ്പിയായ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹിമിനെതിരായ എല്‍.ബി.ഡബ്ലു അപ്പീലില്‍ റിവ്യു സംവിധാനം ഉപയോഗിക്കാത്തതും റിവ്യു തെറ്റായി ഉപയോഗിച്ചതും പന്തിനെതിരായ വ്യാപക വിമര്‍ശനത്തിനു കാരണമാകുന്നുണ്ട്.
സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിലാണ് റഹിം വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. എന്നാല്‍ അമ്പയര്‍ വിക്കറ്റ് നല്‍കിയില്ല. ഈ ഘട്ടത്തില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ട വിക്കറ്റ് കീപ്പറായ പന്തിന് ഡി.ആര്‍.എസ് സംവിധാനം ഉപയോഗിക്കാന്‍ തോന്നിയതുമില്ല.
പന്തിന്റെ അഭിപ്രായത്തെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ റിവ്യു ഉപയോഗിക്കാതിരുന്നത്. എന്നാല്‍ റീപ്ലേകളില്‍ വിക്കറ്റ് നഷ്ടപ്പെടേണ്ടതാണെന്നു കണ്ടെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്നു റഹിമിനെതിരെയായിരുന്നെങ്കില്‍, മറ്റൊന്ന് സൗമ്യ സര്‍ക്കാരിനെതിരെയായിരുന്നു. സര്‍ക്കാരിന്റെ ഗ്ലൗസില്‍ തട്ടിയെത്തിയ ബോള്‍ താന്‍ പിടിച്ചെന്നാണ് പന്ത് അവകാശപ്പെട്ടത്. ഇതോടെ രോഹിത് റിവ്യൂവിനു പോയി. എന്നാല്‍ ബോള്‍ ഗ്ലൗവില്‍ തട്ടിയെന്നു തെളിഞ്ഞതോടെ ഉണ്ടായിരുന്ന ഒരു റിവ്യു നഷ്ടപ്പെട്ടു.
ചിലര്‍ പന്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകളെ പരിഹസിക്കുമ്പോള്‍, മറ്റൊരു വിഭാഗം ലിമിറ്റഡ് ഓവറിലെ പന്തിന്റെ മോശം ഫോമിനെയാണു ചോദ്യം ചെയ്യുന്നത്. പലരും മഹേന്ദ്ര സിങ് ധോനിയുടെ കീപ്പിങ്, ബാറ്റിങ് കഴിവുകള്‍ വെച്ചാണ് പന്തിനെ താരതമ്യപ്പെടുത്തുന്നത്.
‘നിങ്ങള്‍ക്ക് എം.എസ് ധോനിയാകാന്‍ കഴിയില്ല’ എന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ കമന്റ്. ‘ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കരുത്’ എന്നായിരുന്നു മറ്റൊരാളിട്ടത്.
പന്തിനെ വിശ്വസിച്ച് റിവ്യു നല്‍കിയ ശേഷമുള്ള രോഹിതിനെ സഹതാരങ്ങള്‍ താങ്ങിനിര്‍ത്തുന്നതായി ഒരാള്‍ ചിത്രം സഹിതമിട്ടു. പഴയൊരു ചിത്രമാണ് ട്വീറ്റിനൊപ്പം നല്‍കിയത്. ഋഷഭ് പന്തിന്റെ സെലക്ഷന്‍ ഇ.വി.എമ്മില്‍ക്കൂടിയാവും നടത്തിയത് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
മറ്റു ചിലര്‍ മലയാളി താരം സഞ്ജു വി. സാംസണെപ്പോലുള്ളവര്‍ ടീമിലുണ്ടായിട്ടും പന്തിനെ കളിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു. സെലക്ടര്‍മാര്‍ക്കു മുന്നില്‍ മാത്രം കാണിക്കുകയും കളിക്കളത്തില്‍ ഇല്ലാതെ പോകുന്നതുമായ ആ മികവ് എന്താണെന്നായിരുന്നു അവര്‍ പന്തിനോടു ചോദിച്ചത്.
Seems #RishabhPant ‘s selection was through EVM..
— Satish Kapur (@SatishKapur4) November 4, 2019
When you have a player like Sanju Samson, Suryakumar yadav and Shubhaman Gill on a bench ,why you only go for #RishabhPant #IndvsBan
— Another Gujju (@im_NEWhere) November 4, 2019
