ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചു എന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് എ.എ.പി എം.എല്‍.എ ജര്‍നൈല്‍ സിങ്ങ്.

രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയ്ക്ക് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇതില്‍ ശക്തമായി ഇടപെടാന്‍ ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ പറയുന്നു.

Also Read 1984ലെ സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്

സമാന ആവശ്യവുമായി നേരത്തെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിതിനു ശേഷമുള്ള രാജീവ് ഗാന്ധിയുടെ പ്രസ്താവനകള്‍ കലാപത്തെ ഉത്തേജിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കലാപത്തിനു ശേഷമുള്ള ആദ്യത്തെ പ്രസംഗത്തില്‍ അദ്ദേഹം കലാപത്തെക്കുറിച്ച് പറഞ്ഞത് വലിയ ഒരു മരം നിലംപതിച്ചാല്‍, ഭൂമി കുലുങ്ങുക തന്നെ ചെയ്യും എന്നായിരുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ് ഫൂല്‍കയും രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 1984 ലെ കലാപത്തെ ന്യായീകരിച്ചു, അത്തരമൊരു പ്രധാനമന്ത്രി ഭാരത രത്‌നയ്ക്ക് അര്‍ഹനല്ല എന്നായിരുന്നു ഫൂല്‍ക പറഞ്ഞത്.

1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് തിങ്കളാഴ്ച ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. കേസില്‍ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴിക്കോടതി ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

1991ല്‍ മരണാനന്തര ബഹുമതി ആയിട്ടാണ് രാജീവ് ഗാന്ധിക്ക് രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയായ ഭാരത രത്‌ന സമ്മാനിച്ചത്.

Image Credits: Indian Express