എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധം; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി
എഡിറ്റര്‍
Saturday 18th November 2017 6:14pm

അഹമ്മദാബാദ്: ആദ്യഘട്ട തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി. ഭിന്നിപ്പില്ലാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

സഹോദരന് സീറ്റ് നല്‍കിയതിന് ഭറൂച് ജില്ലാ പഞ്ചായത്ത് അംഗമായ വിജയ് സിന്‍ഹ് പട്ടേല്‍ രാജിവെച്ചത്. സിറ്റിങ് എം.എല്‍.എയായ ഈശ്വര്‍സിന്‍ഹ് പട്ടേലിന് അങ്ക്‌ലേശ്വര്‍ സീറ്റില്‍ വീണ്ടും അവസരം നല്‍കിയതാണ് വിജയ് സിന്‍ഹിനെ ചൊടിപ്പിച്ചത്.

പട്ടേല്‍ വോട്ടുകള്‍ എതിരാകുമെന്ന് ബി.ജെ.പി ഭയക്കുന്ന സൗരാഷ്ട്രയിലും ഒരു ബി.ജെ.പി നേതാവ് രാജിവെച്ചിട്ടുണ്ട്. മഹുവ കൗണ്‍സിലറായ ബിപിന്‍ സാങ്‌വിയാണ് രാജിവെച്ചത്. മഹുവ സിറ്റിങ് എം.എല്‍.എയായ രാഘവ്ജിഭായ് മക്‌വാനയ്ക്ക് വീണ്ടും അവസരം നല്‍കിയതാണ് ബിപിന്‍ സാങ്‌വിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ നാലുതവണയായി മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ലെന്ന് ബിപിന്‍ സാങ്‌വി പറഞ്ഞു. മഹുവയില്‍ വളരാന്‍ ബി.ജെ.പിയെ സഹായിച്ചവനാണ് താനെന്നും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാജിവെച്ച ശേഷം ബിപിന്‍ സാങ്‌വി പറഞ്ഞു.

നിലവില്‍ സൗരാഷ്ട്രയിലെ മഹുവ, ജസ്ദന്‍, അംറേലി സീറ്റുകളില്‍ ബി.ജെ.പി പട്ടേല്‍ പ്രതിഷേധം നേരിടുന്നുണ്ട്.

ജസ്ദനില്‍ ഗജേന്ദ്ര രമണി എന്ന നേതാവാണ് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ സീറ്റായ ഇവിടെ ഭരത് ഭോഗ്രയ്ക്കാണ് ബി.ജെ.പി സീറ്റ് നല്‍കിയത്. കോണ്‍ഗ്രസില്‍ ചേരുമെന്നും ഗജേന്ദ്ര ഭീഷണി മുഴക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന വഡോദര ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായ കമലേഷ് പാര്‍മറും രാജിവെച്ചിട്ടുണ്ട്. ദിനേഷ് പട്ടേലിന് സീറ്റ് നല്‍കിയതിനെതിരെ പാദ്ര മണ്ഡലത്തില്‍ സ്വതന്തന്ത്രനായി മത്സരിക്കുമെന്നും കമലേഷ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ബി.ജെ.പി പിന്തുണയുള്ള ആദിവാസി സംഘടനയായ ആദിവാസി ഏകതാ മഞ്ചും പത്തോളം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പറഞ്ഞിട്ടുണ്ട്. തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലയില്‍ സ്വാധീനുമുള്ള സംഘടനയാണ് ആദിവാസി ഏകതാ മഞ്ച്.

Advertisement