ഓണം ക്ലാഷില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് എട്ടിന്റെ പണി, തിയേറ്റര്‍ സമരം ഐ ആം ഗെയിമിനെ ബാധിക്കുമോ എന്ന് പേടിച്ച് ആരാധകര്‍
Malayalam Cinema
ഓണം ക്ലാഷില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് എട്ടിന്റെ പണി, തിയേറ്റര്‍ സമരം ഐ ആം ഗെയിമിനെ ബാധിക്കുമോ എന്ന് പേടിച്ച് ആരാധകര്‍
അമര്‍നാഥ് എം.
Tuesday, 25th August 2026, 1:45 pm

സമീപകാലത്ത് മോളിവുഡ് കണ്ട ഏറ്റവും വലിയ ക്ലാഷില്‍ നിന്ന് അവസാനനിമിഷം പിന്മാറിയ ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖര്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം കേരളത്തിന് പുറത്തുള്ള മാര്‍ക്കറ്റുകള്‍ക്ക് വേണ്ടിയാണ് റിലീസ് മാറ്റിയത്. ഓഗസ്റ്റ് 20ന് എത്തേണ്ട ചിത്രം സെപ്റ്റംബര്‍ മൂന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.

കന്നഡയില്‍ നിന്ന് ടോക്‌സിക്കും തമിഴില്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സും തെലുങ്കില്‍ ഇരുമുടിയും ഐ ആം ഗെയിമിന്റെ കളക്ഷനെ ബാധിക്കുമെന്നായിരുന്നു ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. പുതിയ റിലീസ് ഡേറ്റ് ചിത്രത്തിന് ഗുണകരമാകുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ്. ഒ.ടി.ടി റിലീസുകള്‍ക്ക് എട്ടാഴ്ചത്തെ ഇടവേള നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തോടെയാണ് സമരം നടത്തുന്നത്. ഇത് ഐ ആം ഗെയിമിനെ ബാധിക്കുമോ എന്ന് ആരാധകര്‍ വലിയ ടെന്‍ഷനിലാണ്. ദുല്‍ഖറിന് പ്രത്യേക ഫാന്‍ബേസുള്ള ഏരിയ കൂടിയാണ് തമിഴ്‌നാട്.

എന്നാല്‍ തിയേറ്റര്‍ സമരം ഐ ആം ഗെയിമിനെ ബാധിക്കില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സിനിമകള്‍ മാത്രമേ തിയേറ്ററുടമകള്‍ സ്വീകരിക്കാത്തതായിട്ടുള്ളൂവെന്നും അന്യഭാഷാ സിനിമകള്‍ക്ക് ഇത് ബാധകമായേക്കില്ലെന്നും ഒന്നുരണ്ട് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല് കേരളത്തില്‍ ഇതുപോലൊരു തിയേറ്റര്‍ സമരം നടന്നിരുന്നു. അന്ന് അന്യഭാഷാ സിനിമകളായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടിയത്.

വേണ്ടത്ര സ്‌ക്രീനുകള്‍ ഐ ആം ഗെയിമിന് ലഭിക്കാന്‍ സാധ്യതയില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. തമിഴ്‌നാട്ടില്‍ ഐ ആം ഗെയിം എത്ര കളക്ഷന്‍ നേടുമെന്നത് നിര്‍ണായകമാണ്. കഷ്ടപ്പെട്ട് ഓണം ക്ലാഷില്‍ നിന്ന് പിന്മാറി പുതിയ റിലീസ് തിയതിയിലേക്ക് എത്തിയപ്പോള്‍ ഇത്തരമൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചിട്ടില്ല.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം മോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് കൂടിയാണ്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളത്തില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഡാന്‍ ജോണ്‍ എന്ന ഗ്യാംബ്ലറായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്.

Content Highlight: Reports that Tamilnadu theatre strike might affect I’m Game movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം