സഞ്ജുവിന്റെ പുറത്താകൽ, ഇന്ത്യൻ ടീമിൽ പൊട്ടിത്തെറി; വമ്പൻ റിപ്പോർട്ട് പുറത്ത്
Cricket
സഞ്ജുവിന്റെ പുറത്താകൽ, ഇന്ത്യൻ ടീമിൽ പൊട്ടിത്തെറി; വമ്പൻ റിപ്പോർട്ട് പുറത്ത്
സുദേവ് എ
Thursday, 9th July 2026, 9:51 pm

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.

സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആരാധകരെയും ക്രിക്കറ്റ് അനലിസ്റ്റുകളെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ തീരുമാനം. മലയാളി താരത്തെ ഒഴിവാക്കിയതിന് പിന്നാലെ പല മുന്‍ താരങ്ങളും സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ ഒരു വമ്പന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. സിംബാബ്വേ പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയതില്‍ ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യം മാനിച്ചുകൊണ്ടാണ് ടീം മാനേജ്മന്റ് ഈ തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്തതെന്നും സ്ഥിരതയുടെ കാര്യത്തില്‍ സഞ്ജു ഇനിയും മെച്ചപ്പെടാന്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഐ.പി.എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിട്ടും സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കാതെ പോവുകയായിരുന്നു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ഇന്ത്യക്കായി അരങ്ങേറിയിരുന്നത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.

അതേസമയം ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിംബാബ്വേക്കതിരായ സ്‌ക്വാഡില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനാല്‍ നേരത്തെ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ നിന്നും താരത്തെ തഴയുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

നിലവില്‍ സഞ്ജുവിന് പകരം കളിക്കുന്ന വൈഭവ് സൂര്യവംശി മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങും. അല്ലെങ്കില്‍ അഭിഷേക് ശര്‍മയോ ഇഷാന്‍ കിഷനോ മോശം പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിനെ പരിഗണിക്കേണ്ട സാഹചര്യം ഉണ്ടാകൂ.

 

Content Highlight: Report says major differences of opinion within the Indian team over Sanju Samson dismissal

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.