പോർച്ചുഗലിന്റെ പുതിയ രക്ഷകൻ റൊണാൾഡോക്ക് 'ആദ്യ' കിരീടം സമ്മാനിച്ചവൻ; സീൻ മാറ്റാൻ പറങ്കിപ്പട
Football
പോർച്ചുഗലിന്റെ പുതിയ രക്ഷകൻ റൊണാൾഡോക്ക് 'ആദ്യ' കിരീടം സമ്മാനിച്ചവൻ; സീൻ മാറ്റാൻ പറങ്കിപ്പട
സുദേവ് എ
Thursday, 9th July 2026, 7:10 pm

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ജോര്‍ജ് ജീസസ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2026 ഫിഫ ലോകകപ്പില്‍ നിന്നും പരിശീലക സ്ഥാനത് നിന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചിരുന്നു. മാര്‍ട്ടിനസിന്റെ പകരക്കാരനായാണ് ജോര്‍ജ് ജീസസ് പോര്‍ച്ചുഗലിന്റെ പരിശീലക കുപ്പായമണിയുക. ജീസസും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പോര്‍ച്ചുഗീസ് മാധ്യമമായ എ. ബോല റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെയും അല്‍ ഹിലാലിന്റെയും പരിശീലകനായി ജീസസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ടീമുകള്‍ക്ക് പുറമെ ബെനിഫിക്ക, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ഫെനര്‍ബാഷെ എന്നീ ടീമുകളെയും ജീസസ് പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ അല്‍ നാസറിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ജീസസ്. അല്‍ നസറിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ലീഗ് കിരീടമെന്ന സ്വപ്നം നിറവേറ്റികൊടുത്ത പരിശീലകനാണ് 71കാരനായ ജീസസ്.

2023ല്‍ സൗദിയിലെത്തിയ റൊണാള്‍ഡോ മൂന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ലീഗ് കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് പുറത്താകലിന് പിന്നാലെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത റൊണാള്‍ഡോ ഇനിയും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം നടത്തി മുന്നേറാനാവും ലക്ഷ്യം വെക്കുക.

റൊണാള്‍ഡോക്ക് സൗദിയിലെ ആദ്യ കിരീടം നേടിക്കൊടുത്ത പരിശീലകന്‍ പോര്‍ച്ചുഗലിന്റെ കളി പഠിപ്പിക്കാനെത്തുമ്പോള്‍ പഴയ അല്‍ നസറിലെ കൂട്ടുകെട്ട് ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലും കാണാന്‍ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

നേഷന്‍ ലീഗ്, 2028 യൂറോ കപ്പ് എന്നീ ടൂര്‍ണമെന്റുകളാണ് ഇനി പോര്‍ച്ചുഗലിന്റെ മുന്നിലുള്ളത്. ലോകകപ്പിലേറ്റ തിരിച്ചടികളില്‍ നിന്നും പോര്‍ച്ചുഗലിന്റെ കരകയറ്റുകയെന്നതാവും പുതിയ പരിശീലകന്റെ ലക്ഷ്യം.

അതേസമയം ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് പോര്‍ച്ചുഗല്‍ പുറത്തായത്. റൗണ്ട് ഓഫ് 32ല്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പറങ്കിപ്പട പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.

ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങി.

ഈ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗല്‍ മടങ്ങിയതോടെ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കണ്ണീരോടെയാണ് അവസാനിച്ചത്. ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോ മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെകിസ്ഥാനെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി.

 

Content Highlight: Report says Jorge Jesus will become Portugal new head coach

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.