മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം കാസിമിറോ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണില്‍ കരാര്‍ അവസാനിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന് കാസിമിറോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിയന്‍ ഇതിഹാസത്തെ സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിയാണ് ഏറ്റവും മുന്‍നിരയിലുള്ളതെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസിമിറോ ഫ്രീ ഏജന്റായിട്ടായിരിക്കും മയാമിയിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനായി എം.എല്‍.എസ് ക്ലബ്ബ് എല്‍.എ ഗാലക്‌സിയും സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദും രംഗത്തുണ്ട്. എന്നാല്‍ താരത്തിന്റെ ആദ്യ ചോയിസ് മയാമിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 13 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് എം.എല്‍.എസ് ട്രാന്‍സ്ഫര്‍ വിന്‍ഡോയുള്ളത്. ഇതിനുള്ളില്‍ ഈ വമ്പന്‍ നീക്കം നടന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കാസിമിറോ പന്ത് തട്ടുന്നത് കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാധിക്കും.
ഇരു താരങ്ങളുടെയും സുവര്‍ണ കാലഘട്ടത്തില്‍ ഇരു ടീമുകളും പല തവണ ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 16 മത്സരങ്ങളിലാണ് ഇരുവരും എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ എതിരാളികളായി കളിച്ചത്.
മെസി ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്ക് കൂടുമാറിയിട്ടും ഇരുവരും വീണ്ടും കളിക്കളത്തില്‍ എതിരാളികളായി എത്തി. 2021 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്. ഒരുകാലത്ത് രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച മെസിയും കാസിമിറായും ഇനി ഒരുമിച്ച് പന്തുതട്ടുമോയെന്ന് കണ്ടുതന്നെ അറിയണം.
അതേസമയം 2023ലാണ് മെസി പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നും അമേരിക്കയിലെത്തിയത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.
Content Highlight: Report says Inter Miami Want sign Brazilian Player Casemiro