തുടർച്ചയായി പുറത്തിറങ്ങിയ മൂന്ന് സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് വിനയ് ഫോർട്ട്. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’, ‘അവറാച്ചൻ ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളിലാണ് അടുത്തിടെയായി വിനയ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് സിനിമകളും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയതോടെ വിനയ് ഫോർട്ടിനും ഇത് മികച്ചൊരു ഹിറ്റ് റൺ ആയി മാറുകയാണ്.
സഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഗൗരവമുള്ള അന്വേഷണവും പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതവുമെല്ലാം സിനിമയുടെ പ്രധാന ഭാഗമാകുമ്പോൾ അതിനിടയിൽ പ്രേക്ഷകർക്ക് ആശ്വാസം നൽകുന്ന കോമഡി രംഗങ്ങളുമായാണ് വിനയ് ഫോർട്ട് എത്തിയത്. ചിത്രത്തിൽ സി.എ. സാറായി പ്രതാപ് മോഹൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിൽ തന്റെ സ്വാഭാവികമായ അഭിനയ രംഗത്തിലൂടെയും സംസാര ശൈലിയിലൂടെയും താരത്തിന് ചിരിയുണർത്താൻ സാധിച്ചിട്ടുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
കഥയുടെ ഗൗരവം നിലനിർത്തിക്കൊണ്ടുതന്നെ ഇടയ്ക്കിടെ ചിരിക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്നതായിരുന്നു വിനയ്‌യുടെ രംഗങ്ങൾ. കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ചിരി ഉയരുന്ന തരത്തിലായിരുന്നു അവതരണം. അന്വേഷണത്തിന്റെ ഗൗരവത്തിനിടയിൽ വിനയ്‌യുടെ കഥാപാത്രം നൽകുന്ന കോമഡി റിലീഫ് ചിത്രത്തിന്റെ പ്രതേകതയായിരുന്നു.
ഇപ്പോഴിതാ ‘അവറാച്ചൻ ആൻഡ് സൺസിലും വ്യത്യസ്തമായൊരു വേഷത്തിലാണ് താരം. ഗ്രേസ് ആന്റണിയുടെ ബിൻസിയുടെ മുൻ ഭർത്താവായ അനിയാണ് ചിത്രത്തിലെ വിനയ്‌യുടെ കഥാപാത്രം. വിവാഹമോചനത്തിന് ശേഷവും ബിൻസിയെ പിന്തുടരുകയും തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ടോക്സിക് കഥാപാത്രമാണ് അനി. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കിലും ബ്ലാക്ക് ഹ്യൂമറിലൂടെയാണ് വിനയ് അതിനെ അവതരിപ്പിക്കുന്നത്. ലുക്കും ഡയലോഗ് ഡെലിവറിയുമെല്ലാം ചേർന്ന് അനിയുടെ രംഗങ്ങൾ പ്രേക്ഷകരിൽ ചിരിയുണ്ടാക്കുന്നുണ്ട്.
മൂന്ന് സിനിമകളിലും കഥാപാത്രങ്ങൾ പൂർണമായും വ്യത്യസ്തം. എന്നാൽ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വിനയ് ഫോർട്ടിന്റെ പ്രകടനം ഒരുപോലെ ശ്രദ്ധ നേടുന്നു. തുടർച്ചയായ മൂന്ന് വിജയചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മികച്ചൊരു ഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്.

അവറാച്ചൻ ആൻഡ് സൺസ്, Screen Grab/ Youtube
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെത്തിയപ്പോൾ വിനയ്‌യുടെ കഥാപാത്രം പൂർണമായും മറ്റൊരു രീതിയിലായിരുന്നു. മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മാവനായി ബാങ്ക് ഉദ്യോഗസ്ഥനായി കൊണ്ടാണ് താരം എത്തിയത്. കുടുംബത്തിലെ കാര്യങ്ങളിൽ ഇടപെടുകയും കർശനമായി പെരുമാറുകയും ചെയ്യുന്ന അലക്സ് പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടക്കേടിനും കാരണമാകുന്ന കഥാപാത്രമാണ്.
എന്നാൽ ആ കർക്കശ സ്വഭാവം തന്നെയാണ് പല രംഗങ്ങളിലും കോമഡിയായി മാറിയത്. അലക്സിന്റെ ഇടപെടലുകളും സംസാരരീതിയും പെരുമാറ്റവുമെല്ലാം തിയേറ്ററിൽ ചിരിക്ക് കാരണമായി. ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുത്ത് വിനയ്‌യുടെ രംഗവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സിനിമ ഒ.ടി.ടി.യിൽ എത്തിയപ്പോഴും അലക്സിന്റെ പല രംഗങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ഇപ്പോൾ തിയേറ്ററുകളിൽ ശ്രദ്ധ നേടുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ലെത്തുമ്പോൾ വിനയ് വീണ്ടും മറ്റൊരു തലത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി അവതരിപ്പിക്കുന്ന ബിൻസിയുടെ മുൻ ഭർത്താവായ അനിയാണ് ചിത്രത്തിലെ വിനയ്‌യുടെ വേഷം. വിവാഹമോചനത്തിന് ശേഷവും ബിൻസിയെ പിന്തുടരുകയും തിരികെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ടോക്സിക് സ്വഭാവമുള്ള കഥാപാത്രമാണ് അനി.
പക്ഷേ, അനിയെ അവതരിപ്പിച്ചിരിക്കുന്നത് പൂർണമായും ഗൗരവത്തിൽ മാത്രമല്ല. ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചാണ് വിനയ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിയുടെ ലുക്ക് മുതൽ സംസാരിക്കുന്ന രീതിയും ഡയലോഗ് ഡെലിവറിയും വരെ പലതും പ്രേക്ഷകരിൽ ചിരിയുണ്ടാക്കുന്നു. ചില സമയങ്ങളിൽ കഥാപാത്രം ചിരിപ്പിക്കുമ്പോൾ തന്നെ അസ്വസ്ഥതയും ഭയവും ഉണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ അനി എത്തുന്നതോടെ സിനിമയുടെ ഹ്യൂമർ ട്രാക് മാറുന്നുണ്ട്.
സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട അനിയുടെ സ്നീക്ക് പീക്ക് വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിന്റെ വ്യത്യസ്തമായ ലുക്കും അവതരണവുമാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
അങ്ങനെ നോക്കുമ്പോൾ അടുത്തിടെ വിനയ് ഫോർട്ട് എത്തിയ മൂന്ന് സിനിമകളും മൂന്ന് വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ൽ അന്വേഷണത്തിനിടയിലെ കോമഡി റിലീഫ്, ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ കർക്കശക്കാരനായ അലക്സ്, ‘അവറാച്ചൻ ആൻഡ് സൺസ്’ൽ ചിരിപ്പിക്കുന്നതും ഒരേസമയം അസ്വസ്ഥനാക്കുന്നതുമായ അനി.
കഥാപാത്രങ്ങൾ മാറുമ്പോഴും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുന്നതിൽ വിനയ് ഫോർട്ടിന്റെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ്. മൂന്ന് സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച് ഹിറ്റ് സിനിമകളുടെ ഭാഗമായിരിക്കുകയാണ് വിനയ് ഫോർട്ട്. ചെറിയ കഥാപാത്രമാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാക്കുക എന്നതാണ് പ്രാധാന്യം എന്ന് ഈയിടെ വിനയ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തല കാണിക്കുന്ന സിനിമകൾ എല്ലാം തന്നെ ഹിറ്റാകുന്നത് കൊണ്ട് ഭാഗ്യനായകനായിട്ടാണ് പലരും വിനയിയെ കാണുന്നത്.
Content Highlight: Every film he appears in becomes a hit; Vinay Forrt is on a winning streak, delighting audiences with laughter and surprising them
