ന്യൂയോർക്ക്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഗായകൻ എഡ് ഷീറന്റെ യു.എസ് പര്യടനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഗ്രാമി പുരസ്കാര ജേതാവായ അമേരിക്കൻ റാപ്പർ മാക്ലെമോർ സ്വന്തം നിലയിൽ ‘ഫ്രീ ഫലസ്‌തീൻ’ സംഗീത പര്യടനം പ്രഖ്യാപിച്ചു.
ഒക്ടോബർ അവസാനത്തോടെ ലണ്ടൻ, പാരീസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ അരങ്ങേറുന്ന ഈ പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ഫലസ്‌തീൻ ജനതയ്ക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറുമെന്നും യു.എസിലെ വേദികൾ ഉടൻ നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു വംശഹത്യ നടക്കുമ്പോൾ കലാകാരന്മാർ നിഷ്പക്ഷരായി തുടരുന്നതിൽ അർത്ഥമില്ലെന്നും വേദി വെറുമൊരു വിനോദോപാധി മാത്രമല്ലെന്ന് തെളിയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാക്ലെമോറിന്റെ ഈ തീരുമാനത്തിന് ബോബ് വൈലൻ, ചങ്ക്സ് തുടങ്ങിയ പ്രമുഖർ പിന്തുണ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ നാലിന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന എഡ് ഷീറന്റെ പരിപാടിക്കിടെ മാക്ലെമോർ വേദിയിൽ ‘ഫ്രീ ഫലസ്‌തീൻ’ എന്ന് ആഹ്വാനം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഷീറന്റെ സംഗീത പര്യടനത്തിൽനിന്ന് മാക്ലെമോറെ ഒഴിവാക്കുകയും, ഇസ്രഈൽ അനുകൂലിയായ ശതകോടീശ്വരൻ റോബർട്ട് ക്രാഫ്റ്റ് തന്റെ ഉടമസ്ഥതയിലുള്ള ഗില്ലറ്റ് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ക്രാഫ്റ്റിന്റെ കടുത്ത സമ്മർദ്ദമാണ് തന്നെ ടൂറിൽനിന്ന് പുറത്താക്കാൻ കാരണമെന്നും മറ്റ് വേദി ഉടമകളെയും ഇതിനായി സ്വാധീനിച്ചെന്നും മാക്ലെമോർ ആരോപിച്ചെങ്കിലും, ടൂർ പ്രൊമോട്ടർമാരുടെ മാത്രം തീരുമാനപ്രകാരമാണ് നടപടിയെന്നാണ് ഷീറന്റെ പക്ഷം വ്യക്തമാക്കുന്നത്.
Content Highlight:Rapper Macklemore, Dropped from Ed Sheeran’s Music Tour, Announces ‘Free Palestine Tour
