ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെ കടന്നാക്രമിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഗരത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന് മംദാനി യു.എസ് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈലിനും ജൂതസമൂഹത്തിനുമെതിരെ ശത്രുതയുള്ള വ്യക്തികളെയും നിലപാടുകളെയും മംദാനി പിന്തുണക്കുന്നുവെന്ന് നെതന്യാഹു ആരോപിച്ചു.

‘മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ന്യൂയോര്‍ക്കിലെ ജൂതന്മാര്‍ക്ക് നഗരം സുരക്ഷിതമായി തോന്നുന്നില്ല. ഞങ്ങളുടെ ഓര്‍മയിലുള്ള നഗരമല്ല ഇത്, വളരെപ്പെട്ടെന്ന് ഇത് മാറി എന്ന് അവര്‍ എന്നോട് പറയാറുണ്ട്’, നെതന്യാഹു പറഞ്ഞു.

എന്നാല്‍ ഫലസ്തീനികളുടെ വംശഹത്യയെ ശുദ്ധീകരിക്കാന്‍ ഉദ്ദേശിച്ചുള്ള അടിസ്ഥാനരഹിതമായ നുണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് നെതന്യാഹു ചെയ്തതെന്ന് മംദാനി മറുപടി പറഞ്ഞു.

ഹമാസിനെ പിന്തുണയ്ക്കുന്ന ക്രിമിനലുകളെ മംദാനി പ്രശംസിക്കുന്നുവെന്ന് നെതന്യാഹു ആരോപിച്ചു.

‘അമേരിക്ക 9/11 അര്‍ഹിച്ചിരുന്നു എന്ന് പറഞ്ഞ ഹസന്‍ പൈക്കര്‍ താങ്കളുടെ അടുത്ത സുഹൃത്താണ്. ഹമാസ് തീവ്രവാദികള്‍ ഇസ്രഈലി ബന്ദികളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ച ഫലസ്തീനി മാധ്യമപ്രവര്‍ത്തകനെ നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു.’

ഫലസ്തീനി ഫോട്ടോജേര്‍ണലിസ്റ്റ് മൊതാസ് അസൈസി ഒക്ടോബര്‍ 7ന് നടന്ന ഫലസ്തീന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനപൂര്‍വം മറച്ചുവെച്ചു എന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് നെതന്യാഹു പറഞ്ഞു.

‘ടെല്‍ അവീവ് നിലനില്‍ക്കരുതെന്നും ഒക്ടോബര്‍7നെ പ്രശംസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നിങ്ങളുടെ ഭാര്യ ലൈക്ക് ചെയ്തിരുന്നു. അതില്‍ അപലപിക്കാന്‍ നിങ്ങള്‍ വിസമ്മതിച്ചു,’ മംദാനിയെ കടന്നാക്രമിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.

ഇസ്രഈല്‍ വംശഹത്യ നടത്തിയിട്ടില്ലെന്നും ഹമാസിനെ തടഞ്ഞിരുന്നെങ്കില്‍ മംദാനിയുടെ സുഹൃത്തുക്കളായ അവര്‍ ഇസ്രഈലികളെ വംശഹത്യ ചെയ്യുമായിരുന്നെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയതിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നെതന്യാഹുവിന്റെ പേരിലുണ്ട് എന്ന വസ്തുതയെ ഒരു നുണയ്ക്കും മാറ്റാന്‍ കഴിയില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ മറുപടി നല്‍കി.

Content Highlight: ‘Lies To Sanitise Genocide’: Mamdani Hits Back At Netanyahu After UN Criticism.