ഷാരൂഖ് തുടങ്ങിവെച്ച മാളില്‍ കട തുറന്നുവെച്ചിരിക്കുന്നവരാണ് ഞങ്ങളെല്ലാവരും: രണ്‍വീര്‍ സിങ്
Indian Cinema
ഷാരൂഖ് തുടങ്ങിവെച്ച മാളില്‍ കട തുറന്നുവെച്ചിരിക്കുന്നവരാണ് ഞങ്ങളെല്ലാവരും: രണ്‍വീര്‍ സിങ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 13th March 2026, 11:52 am

ഇന്ത്യന്‍ സിനിമയെ ഏറെക്കാലം അടക്കിവാണ ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. ഇതേ ബോളിവുഡിന്റെ അമരത്ത് പകരക്കാരനില്ലാതെ തുടരുന്ന അഭിനേതാവാണ് കിങ് ഖാന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഷാരൂഖ് ഖാന്‍. പതിറ്റാണ്ടുകളായി അഭിനയജീവിതം തുടരുന്ന താരം തുനിഞ്ഞിറങ്ങിയാല്‍ തകര്‍ക്കാന്‍ കഴിയാത്ത ചിത്രങ്ങളൊന്നും തന്നെ ഇന്ത്യന്‍ സിനിമയിലില്ല എന്നത് പരസ്യമായ രഹസ്യമാണ്. ഹിന്ദി ചിത്രങ്ങളില്‍ മാത്രം വേഷമിട്ടുകൊണ്ടാണ് ഭാഷാഭേദമന്യേ ഇന്ത്യയിലെ പല ഭാഷകളിലും താരം തന്റെ ആധിപത്യം ഉണ്ടാക്കിയെടുത്തത് എന്നത് എടുത്തുപറയേണ്ടതാണ്.

ഷാരൂഖ് ഖാന്‍. Photo: Bollywoodshaadis

ബോളിവുഡിലെ വമ്പന്മാരായ ഷാരൂഖ്, സല്‍മാന്‍, ആമിര്‍ എന്ന ഖാന്‍ ത്രയങ്ങള്‍ക്ക് ശേഷം ആരെന്ന ചോദ്യത്തിന് പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുള്ള പേരാണ് രണ്‍വീര്‍ സിങ്ങിന്റെതും രണ്‍ബീര്‍ കപൂറിന്റതും. പലരും വന്ന് പോകുന്ന ബോളിവുഡിന്റെ ഏറ്റവും മോശം കാലഘട്ടത്തില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന താരങ്ങളാണ് ഇരുവരും. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമലിലൂടെ രണ്‍ബീറും ആദിത്യ ധറിന്റെ ധുരന്ധറിലൂടെ രണ്‍വീറും ഈ വാദത്തിന് അടിവരയിട്ടിരുന്നു.

ഇപ്പോഴിതാ രണ്‍ബീറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ധുരന്ധര്‍ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഷാരൂഖിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് കിങ് ഖാന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡില്‍ ഷാരൂഖിന്റെ സമഗ്രാധിപത്യത്തെ ശരിവെക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.

‘ഇന്ത്യന്‍ എന്റര്‍ടെയിന്‍മെന്റിന് വഴി കാണിച്ച ആളാണ് ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കിങ് എന്ന് വിളിക്കുന്നതും. ഒരു ദിവസം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഞാനിക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹം ഒരു വലിയ മാള്‍ തുറന്ന് വെച്ച് നമ്മള്‍ അതില്‍ ചെറിയ ചെറിയ കടകള്‍ നടത്തുകയാണെന്നാണ് തമാശ രൂപത്തില്‍ പറഞ്ഞത്. പക്ഷേ അതാണ് ശരിയായ കാര്യം.

ഇന്ന് കാണുന്ന രൂപത്തിലേക്ക് എന്റര്‍ടെയിന്‍മെന്റിനെ വളര്‍ത്തിയത് ഷാരൂഖാണ്. അവാര്‍ഡ് ഷോ, ലൈവ് ഷോ, അഡ്വര്‍ടൈസിങ്ങ്, ഫിലിം പ്രൊമോഷന്‍ എല്ലാത്തിനും അതിന്റെ ഇന്ന് കാണുന്ന രൂപം നല്‍കിയത് അദ്ദേഹമാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ്, വീണ്ടും സ്‌ക്രീനില്‍ കാണാന്‍ നിങ്ങളെല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്,’ രണ്‍വീര്‍ പറഞ്ഞു.

രണ്‍വീര്‍ സിങ്ങും റിങ്കു സിങ്ങും ഷാരൂഖിനൊപ്പം. Photo: NDTV

ആദിത്യ ധര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ധുരന്ധര്‍. തുടര്‍ പരാജയങ്ങളില്‍ ബുദ്ധിമുട്ടിയിരുന്ന ബോളിവുഡിനെ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചിത്രത്തിനായിരുന്നു. വലിയ വിജയം സ്വന്തമാക്കിയ ധുരന്ധറിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തും.

Content Highlight: Ranveer singh talks about sha Rukh Khan’s supremacy in Bollywood

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.