മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. ടി.വി ഷോകളിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരം അവയോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മിന്‍പിന്‍ എന്നു പോരുള്ള പട്ടിയടക്കം നിരവധി പെറ്റുകളാണ് താരത്തിനുള്ളത്.

വളര്‍ത്തുമൃഗങ്ങളോടുള്ള തന്റെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ചെറുപ്പം മുതല്‍ തന്നെ മൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും പറയുകയാണ് പിഷാരടി.

സിനമാ ഡാഡിക്ക്‌നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘വളരെ ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണ്. ഞാന്‍ വെള്ളൂര്‍ പേപ്പര്‍ കമ്പനിയുടെ ക്വാട്ടേഴ്‌സിലായിരുന്നു എന്റെ കുട്ടിക്കാലം ക്വാട്ടേഴ്‌സില്‍ പെറ്റ്‌സ് അലൗഡ് അല്ല. എല്ലാവരും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലമായതിനാല്‍ അവിടെ ജീവികളെ വളര്‍ത്താന്‍ സാധിക്കില്ല.

അപ്പോള്‍ പൂമ്പാറ്റയെ പിടിച്ച് തുണിയിട്ടുവെക്കുന്ന കൊട്ടയിലിട്ട് വളര്‍ത്തുക, വിട്ടില്, പച്ചത്തുള്ളന്‍ തുടങ്ങിയ സാധനങ്ങളെയൊക്കെ പിടിച്ച് വളര്‍ത്തുക, ഇതൊക്കെയായിരുന്നു അന്നത്തെ പെറ്റ്‌സ്.

ഇതുകൂടാതെ ഒരിക്കല്‍ കാലത്ത് കളിക്കാന്‍ പോയപ്പോള്‍ അവിടെ നിന്നും കുട്ടിത്തേവാങ്ക് എന്നുപറയുന്ന ഒരു ജീവിയെ കിട്ടി. ഞാന്‍ കുരങ്ങനാണെന്നും പറഞ്ഞ് കുറച്ചുനേരം വീട്ടില്‍ കൊണ്ടുപോയി വെച്ചു. അമ്മ ഇതിനെയൊന്നും ഇവിടെ വളര്‍ത്താന്‍ പറ്റില്ല എന്നുപറഞ്ഞ് കളഞ്ഞിട്ടുണ്ട്.