ഇതിന്റെ വില നിങ്ങള്‍ക്കറിയില്ല തലൈവരേ, എന്തിരനിലെ ഗ്യാസ് ലോറി സീനിനെ ട്രോളി സോഷ്യല്‍ മീഡിയ
Indian Cinema
ഇതിന്റെ വില നിങ്ങള്‍ക്കറിയില്ല തലൈവരേ, എന്തിരനിലെ ഗ്യാസ് ലോറി സീനിനെ ട്രോളി സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 12th March 2026, 5:00 pm

പഴയകാല സിനിമകളെ സീനുകള്‍ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടുവന്ന് ട്രോള്‍ മെറ്റീരിയലാകുന്നത് പലപ്പോഴായി കാണുന്നുണ്ട്. പെട്രോളിന്റെ വില കൂടുന്നതിനനുസരിച്ച് എതിരാളികളെ കൊല്ലുന്ന വിജയരാഘവന്റെ കഥാപാത്രങ്ങളെക്കുറിച്ച് അടുത്തിടെ വന്ന ട്രോള്‍ വളരെ വേഗത്തില്‍ വൈറലായി. അത്തരത്തില്‍ രജിനികാന്തിന്റെ പഴയൊരു ചിത്രമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

എന്തിരന്‍ എന്ന ചിത്രത്തില്‍ രജിനിയുടെ റോബോട്ട് കഥാപാത്രം രണ്ട് ഗ്യാസ് ലോറിയെ അപകടത്തിലാക്കുന്ന സീന്‍ ഇതിനോടകം വൈറലായി. ഗ്യാസ് സിലിണ്ടറുകളെല്ലാം റോഡില്‍ വീണ് നശിക്കുന്ന രംഗം പല ട്രോള്‍ പേജുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ഈ സീനിന് ശേഷം അയനില്‍ വില്ലന്‍ തന്റെ അച്ഛനോട് ദേഷ്യപ്പെടുന്ന സീന്‍ കൂടി ചേര്‍ത്തുകൊണ്ടാണ് ട്രോള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

എക്‌സ്, ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്നത്തെ കാലത്താണെങ്കില്‍ ചിത്രീകരിക്കാന്‍ ഏറെ പ്രയാസമുള്ള രംഗമാകും ഇതെന്നും വലിയ ചെലവ് ഇതിന് വേണ്ടിവരുമെന്നും പലരും അഭിപ്രായപ്പെടുന്നു. ആവശ്യമില്ലാത്ത കാര്യത്തിന് ബജറ്റ് അധികമായി ചെലവാക്കുന്ന ഷങ്കര്‍ ഈ സീന്‍ മുന്‍കൂട്ടി കണ്ടെന്നും കമന്റുണ്ട്.

എന്തിരനില്‍ മാത്രമല്ല, കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ധുരന്ധറിലും ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് മാസ് സീന്‍ ആദിത്യ ധര്‍ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിലെ വില്ലന്മാരിലൊരാളെ കൊല്ലാനായി ഹംസ ഒരു മുറി നിറയെ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് വെച്ച് അത് പൊട്ടിത്തെറിപ്പിച്ചാണ് സീന്‍ അവസാനിപ്പിക്കുന്നത്.

ആദിത്യ ധറിന് പണമൊരു പ്രശ്‌നമല്ലെന്ന് തെളിയിക്കാന്‍ ഈയൊരു സീന്‍ മാത്രം മതിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരുക്കിയ ധുരന്ധര്‍ ഈയടുത്ത് വന്ന ഏറ്റവും മികച്ച സ്‌പൈ ത്രില്ലറാണ്. ധുരന്ധറിലെയും എന്തിരനിലെയും പോലെ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള മാസ് സീനുകള്‍ ഇനിയും ആളുകള്‍ കുത്തിപ്പൊക്കുമെന്നാണ് പ്രതീക്ഷ.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിരോധനം കാരണമാണ് ഇന്ത്യയില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ക്ഷാമം വന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് ക്ഷാമം വന്നതിനാല്‍ രാജ്യത്തെ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനും വരുംദിവസങ്ങളില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് വാര്‍ത്തകള്‍.

Content Highlight: Rajnikanth’s mass  scene in Enthiran movie getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം