സിനിമാജീവിതത്തിന്റ 50ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. വില്ലനായി സിനിമാലോകത്തേക്ക് കടന്നുവന്ന രജിനി പിന്നീട് ഇന്ത്യന്‍ സിനിമയിലെ മുടിചൂടാമന്നനായി. ഒപ്പം വന്നവരും പിന്നാലെ വന്നവരും കളമൊഴിയുമ്പോഴും തന്റെ സിംഹാസനം അതേപടി സൂക്ഷിച്ചുകൊണ്ട് തമിഴകത്തിന്റെ തലൈവനായി തിളങ്ങുകയാണ് രജിനികാന്ത്.
75ാമത്തെ വയസിലും വിശ്രമമില്ലാതെ സിനിമകള്‍ ചെയ്യുന്ന രജിനിയാണ് തമിഴ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. നിലവില്‍ ജയിലര്‍ 2വിന്റെ തിരക്കിലാണ് താരം. ഇനിയും ഒരാഴ്ചയോളം ഷൂട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലര്‍ 2വിന് ശേഷം അടുത്ത പ്രൊജക്ടിലേക്ക് താരം വൈകാതെ കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
തലൈവര്‍ 174 Photo: Cine Loco/ X.com
രജിനികാന്തിനെയും കമല്‍ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി നെല്‍സണ്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രൊമോയിലാണ് രജിനി ജയിലര്‍ 2ന് ശേഷം ജോയിന്‍ ചെയ്യുക. ഫെബ്രുവരി എട്ടിനാകും പ്രൊമോ ഷൂട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തലൈവര്‍ 174 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും.
രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന തലൈവര്‍ 173ന്റെ ഷൂട്ട് മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സിബി ചക്രവര്‍ത്തി ഒരുക്കുന്ന ഈ പ്രൊജക്ട് 2026 ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2027 പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
രജിനികാന്ത് Photo: Screen Grab/ Thamizh Padam
ഇതിനിടയില്‍ തന്റെ ആത്മകഥക്ക് വേണ്ടിയും രജിനി സമയം മാറ്റിവെക്കുന്നുണ്ട്. താരത്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആത്മകഥ പ്രകാശനം ചെയ്‌തേക്കുമെന്നാണ് വിവരം. രജിനിയുടെ മകളായ സൗന്ദര്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം തലൈവര്‍ 175ന്റെ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമാലോകം ഉപേക്ഷിച്ച് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് വിജയ് പ്രവേശിച്ചതും റേസിങ് ടൂര്‍ണമെന്റുകള്‍ക്കായി അജിത് സിനിമകള്‍ക്ക് ഇടവേള നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അജിത്തിന്റെയും വിജയ്‌യുടെയും അസാന്നിധ്യത്തിലും സിനിമയെ ഉപേക്ഷിക്കാതെ നടക്കുന്ന രജിനിയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
Content Highlight: Rajnikanth doing back to back movies and writing his autobiography in this year