കഥ പറയാനായി ഏഴ് മാസം മമ്മൂട്ടി സാറിന്റെ പുറകെ നടന്നു, ആ കഥാപാത്രം എന്താണെന്ന് വരുംദിവസങ്ങളില്‍ പുറത്തുവിടും; രാജ്കുമാര്‍ പെരിയസാമി
Malayalam Cinema
കഥ പറയാനായി ഏഴ് മാസം മമ്മൂട്ടി സാറിന്റെ പുറകെ നടന്നു, ആ കഥാപാത്രം എന്താണെന്ന് വരുംദിവസങ്ങളില്‍ പുറത്തുവിടും; രാജ്കുമാര്‍ പെരിയസാമി
അമര്‍നാഥ് എം.
Thursday, 18th June 2026, 10:09 pm

അമരന്‍ എന്ന ഒരൊറ്റ സിനിമ കൊണ്ട് തമിഴ് സിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് രാജ്കുമാര്‍ പെരിയസാമി. ആദ്യചിത്രമായ രംഗൂണ്‍ ശരാശരി വിജയമായപ്പോള്‍ രണ്ടാമത്തെ ചിത്രമായ അമരന്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍ സ്വന്തമാക്കി. ടെറിട്ടോറിയല്‍ ആര്‍മിയിലെ രാജ്പുത് റെജിമെന്റിലെ സൈനികനായ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് രാജ്കുമാര്‍ അമരനില്‍ പറഞ്ഞത്.

ബോക്‌സ് ഓഫീസില്‍ 340 കോടിയിലേറെ സ്വന്തമാക്കാന്‍ അമരന് സാധിച്ചു. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ഓം. ധനുഷിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ധനുഷിന്റെ 55ാമത് ചിത്രമാണ് ഓം. രക്തചന്ദന കടത്ത് പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് ടൈറ്റില്‍ ടീസര്‍ സൂചന നല്‍കുന്നു.

രാജ്കുമാര്‍ പെരിയസാമി Photo: Thi Cinemas/ Wonderbar Films

മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ഓമില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിലേക്കെത്തുന്നത്. മമ്മൂട്ടിക്ക് ഒരുപാട് പ്രശംസകള്‍ നേടിക്കൊടുത്ത പേരന്‍പിന് ശേഷം മമ്മൂട്ടി ഭാഗമാകുന്ന ചിത്രം കൂടിയാണ് ഓം. ധനുഷിനൊപ്പം ശക്തമായ കഥാപാത്രമാണ് മമ്മൂട്ടിക്കെന്ന് സംവിധായകന്‍ അറിയിച്ചു.

‘ഈ സിനിമയില്‍ ധനുഷ് സാറിനൊപ്പം ഇംപോര്‍ട്ടന്റായിട്ടുള്ള വേഷമാണ് മമ്മൂട്ടി സാറിന്റേത്. ഈ പടത്തിന്റെ കഥ പറയാന്‍ ഏഴ് മാസമാണ് മമ്മൂട്ടി സാറിന്റെ പിറകെ നടന്നത്. ഒടുവില്‍ അദ്ദേഹം ചെന്നൈയിലെത്തിയ സമയത്ത് എന്നെ വിളിച്ച് കഥ പറയാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ നറേഷന്‍ തന്നെ അദ്ദേഹത്തിന് ഓക്കെയായി.

രാജ്കുമാര്‍ പെരിയസാമി, മമ്മൂട്ടി Photo: Wonderbar Films/ X.com

കഥ മുഴുവന്‍ കേട്ട ശേഷം എന്നോട് ഈ സിനിമയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം മറുപടി കൊടുത്തപ്പോള്‍ മമ്മൂട്ടി സാര്‍ ഓക്കെ പറഞ്ഞു. ഇപ്പോള്‍ വന്ന ടൈറ്റില്‍ പോസ്റ്ററില്‍ മമ്മൂട്ടി സാറെ കാണിക്കുന്നില്ല. കാര്‍ത്തികേയന്‍ എന്നാണ് അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. വരുംദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കഥാപാത്രം എന്താണെന്നുള്ള കാര്യങ്ങള്‍ പുറത്തുവിടും,’ രാജ്കുമാര്‍ പെരിയസാമി പറയുന്നു.

രണ്ട് ഭാഗങ്ങളിലായാണ് ഓം ഒരുങ്ങുന്നത്. ചാപ്റ്റര്‍ വണ്‍; ഉധിരം, ദി ബ്ലഡ് വുഡ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. 60 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായ ചിത്രം ഒക്ടോബര്‍ 16ന് തിയേറ്ററുകളിലെത്തും. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരം ശ്രീലീലയും ഓമിന്റെ ഭാഗമാണ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Rajkumar Periasamy about Mammootty’s character in Om movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം