ചിലപ്പോള്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുണ്ടായത്; ചമന്‍ ഈ സിനിമ ഭംഗിയായി ചെയ്തു: രാജേഷ് മാധവന്‍
Malayalam Cinema
ചിലപ്പോള്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുണ്ടായത്; ചമന്‍ ഈ സിനിമ ഭംഗിയായി ചെയ്തു: രാജേഷ് മാധവന്‍
ഐറിന്‍ മരിയ ആന്റണി
Thursday, 12th February 2026, 7:18 am

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് രാജേഷ് മാധവന്‍. പിന്നീട് ദിലീഷ് പോത്തന്റെ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജേഷ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, നാ താന്‍ കേസുകൊട്, മരണമാസ് എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

രാജേഷ് മാധവന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്താന്‍ ഇരിക്കുന്ന സിനിമയാണ് പെണ്ണും പൊറാട്ടും. രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ ഐ.എഫ്.എഫ്.കെയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.

സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ എഡിറ്റര്‍ ചമന്‍ ചാക്കോ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ്.

‘ചമന്‍ ചാക്കോണ് പെണ്ണും പൊറാട്ടിന്റെ എഡിറ്റര്‍. വളരെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് ചമന്‍. അവന്‍ പുതിയയാളും ചെയ്യുന്ന സിനിമകള്‍ കൊമേഴ്ഷ്യലി ഹിറ്റുമായത് കൊണ്ട് അവന്‍ വരുന്ന സിനിമകളൊക്കെ അങ്ങനെയുള്ളതാണ്. ഈ സിനിമ കിട്ടിയപ്പോള്‍ ചമന് ഭയങ്കര ഇഷ്ടമായിരുന്നു ഇതില്‍ വര്‍ക്ക് ചെയ്യാന്‍.

പെണ്ണും പൊറാട്ടിന് വേണ്ടി ചമന്‍ വളരെ എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ സിനിമയുടെ സ്ട്രക്ച്ചര്‍ ഇതാണ് പേയ്‌സ് എങ്ങനെയാണ് എന്നുള്ളത് ഷൂട്ട് ചെയ്യുമ്പോള്‍ അവന്റെ അടുത്ത് പറഞ്ഞിരുന്നു. പിന്നെ അധികം ഞാന്‍ ഇടപെട്ടിട്ടില്ല, അവന്‍ ഒരോ ദിവസവും വന്നിട്ട് ചെറിയ കാര്യങ്ങള്‍ കാണിക്കും,’രാജേഷ് പറയുന്നു.

തനിക്ക് ചിലപ്പോള്‍ മാത്രമാണ് ചമന്‍ ചാക്കോയുമായി അഭിപ്രായ  വ്യത്യാസങ്ങളുണ്ടായിരുന്നതെന്നും രാജേഷ് പറയുന്നു. ചമന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും അത് ട്രെയ്‌ലര്‍ കാണുമ്പോള്‍ തന്നെ മനസിലാകുമെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി ഒന്നും തന്നെയില്ലെന്നും ട്രീറ്റ്‌മെന്റിലാണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചമന്‍ അത് ഭംഗിയായി ചെയ്തിട്ടുണ്ടെന്നും സിനിമയില്‍ ടെക്‌നീഷ്യസ് എല്ലാവരും അറിഞ്ഞ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, കള എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എഡിറ്ററാണ് ചമന്‍ ചാക്കോ.

അതേസമയം നൂറോളം പുതുമുഖങ്ങളെ വെച്ച് രജേഷ് മാധവന്‍ അണിയിച്ചൊരുക്കുന്ന പെണ്ണും പൊറാട്ടും (ഇന്ന്) ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം വന്ന ട്രെയ്‌ലര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Rajesh Madhavan talks about the movie Pennum Porattum and Chaman Chacko

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.