ഇത് താണ്ടാ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ; പഞ്ചാബിന്റെ പടയോട്ടം അവസാനിപ്പിച്ച് രാജസ്ഥാന്‍!
Cricket
ഇത് താണ്ടാ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ; പഞ്ചാബിന്റെ പടയോട്ടം അവസാനിപ്പിച്ച് രാജസ്ഥാന്‍!
ശ്രീരാഗ് പാറക്കല്‍
Tuesday, 28th April 2026, 11:12 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കിടിലന്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ കരുത്തരായ പഞ്ചാബിന്റെ അപരാജിത കുതിപ്പിന് തടയിട്ടിരിക്കുകയാണ് രാജസ്ഥാന്‍. സീസണിലെ ആദ്യത്തെ തോല്‍വിയാണ് അയ്യരും സംഘവും ഏറ്റുവാങ്ങിയത്.

രാജസ്ഥാന് വേണ്ടി അവസാന ഘട്ടത്തില്‍ 52 റണ്‍സ് നേടിയ ഡെണോവന്‍ ഫെരേരിയയും 31 റണ്‍സ് നേടിയ ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെയുമാണ് വിജയ ശില്‍പ്പികള്‍. 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഫെരേരിയ അര്‍ധ സെഞ്ച്വറി നേടിയത്. ദുബെ 12 പന്ത് നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

രാജസ്ഥാന് വേണ്ടി ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയായിരുന്നു സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശി മടങ്ങിയത്. 16 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. 268.75 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ടായിരുന്നു.

വൈഭവിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്. ധ്രുവ് ജുറേല്‍ 16 റണ്‍സിനും മടങ്ങി.

പഞ്ചാബിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയ്‌നിസും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്‌നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇന്നിങ്‌സിലെ അവസാന ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്.

പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (27 പന്തില്‍ 30) എന്നിവരും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.

രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ യാഷ് പുനിയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Rajasthan Royals Is The First Team To Beat Panjab Kings In IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ