മോളിവുഡിനെ അടുത്ത ലെവലിലേക്ക് എത്തിക്കുമെന്ന് പലരും കരുതുന്ന പ്രൊജക്ടാണ് പൃഥ്വിരാജ് ഇന്ന് അനൗണ്‍സ് ചെയ്തത്. ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അധികം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കിയ ഒടിയന്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഒടിയന്റെ കഥ സിനിമയിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഇതിനെക്കാള്‍ ചര്‍ച്ചയാകുന്നത് സംവിധായകന്‍ രാഹുല്‍ സദാശിവന്റെ ഫിലിമോഗ്രഫിയാണ്. ആദ്യചിത്രമായ റെഡ് റെയിന്‍ മുതല്‍ ഒടിയന്‍ വരെ നോക്കിയാല്‍ എല്ലാം വ്യത്യസ്തമായ സിനിമകളാണ് രാഹുല്‍ സദാശിവന്‍ ഒരുക്കിയത്.
ഭൂമിയിലേക്കെത്തുന്ന അന്യഗ്രഹജീവികളുടെ കഥ പറയുന്ന റെഡ് റെയിനാണ് രാഹുല്‍ സദാശിവന്റെ ആദ്യചിത്രം. എന്നാല്‍ നല്ലൊരു തീമായിരുന്നിട്ടും പ്രേക്ഷകര്‍ റെഡ് റെയിനിനെ കൈവിട്ടു. ആദ്യചിത്രം പുറത്തിറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തിയത്. പ്രേതത്തെ കാണിക്കാതെ പ്രേക്ഷകരില്‍ ഭയം ജനിപ്പിച്ച ഭൂതകാലം വലിയ ചര്‍ച്ചയായി മാറി.
ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ ഭ്രമയുഗത്തില്‍ മലയാളത്തിന്റെ മമ്മൂട്ടിയെ ചാത്തനായി അവതരിപ്പിക്കുക എന്ന വലിയ റിസ്‌ക് രാഹുല്‍ ഗംഭീരമായി ചെയ്തുവെച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വെറും അഞ്ച് കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ ഭ്രമയുഗം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നാണ്. ഒരിക്കല്‍ കൂടി ഹൊറര്‍ ഴോണറില്‍ രാഹുല്‍ സദാശിവന്‍ ഞെട്ടിച്ചു.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഡീയസ് ഈറേ പ്രേക്ഷകരെ ഞെട്ടിച്ച സിനിമാനുഭവമായി മാറി. ഹോളിവുഡില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുന്ന ഒബ്‌സഷന് മുമ്പ് അതേ ആശയത്തെ ഹൊററിന്റെ ബാക്ക്ഗ്രൗണ്ടില്‍ അവതരിപ്പിച്ച ചിത്രം കൂടിയാണ് ഡീയസ് ഈറേ. ഇപ്പോഴിതാ അടുത്ത സിനിമ രാഹുല്‍ സദാശിവന്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ ഒരുപാട് പ്രചാരമുള്ള ഒടിയന്‍ എന്ന കെട്ടുകഥയെ രാഹുല്‍ സദാശിവന്‍ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ സൂപ്പര്‍നാച്ചുറല്‍ തീമിലുള്ളതാണ്. മോളിവുഡിലെ മറ്റ് സംവിധായകരില്‍ നിന്ന് രാഹുല്‍ സദാശിവനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നതും ഇതുതന്നെയാണ്.
ഫീല്‍ ഗുഡ്, ക്രൈം ത്രില്ലര്‍ ഴോണറില്‍ സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ മറ്റ് സംവിധായകരുള്ളപ്പോള്‍ തന്റെ സേഫ് സോണില്‍ നിന്നുകൊണ്ട് വേള്‍ഡ് ക്ലാസിക് നിലവാരത്തിലുള്ള സിനിമകള്‍ ചെയ്ത് രാഹുല്‍ സദാശിവന്‍ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Rahul Sadasivan’s filmography viral after Odiyan announcement